കാസര്‍കോട്- ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. കാസര്‍ഗോഡ് ഹൊസബെട്ടു മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തില്‍നിന്നാണ് പൂജാരി തിരുവാഭരണങ്ങള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം ചിന്നപ്പള്ളി സ്ട്രീറ്റിലെ എസ് ദീപക്ക് ആണ് പിടിയിലായത്. മോഷ്ടിച്ച അഞ്ചരപ്പവന്റെ ആഭരണങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. ഇവ പോലീസ് കണ്ടെടുത്തു.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ പൂജാരിയായി ചുമതലയേറ്റത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ തിരുവാഭരണവുമായി മുങ്ങിയത്. തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തിയാണ് ഇയാള്‍ കടന്നത്. പിന്നാലെ ക്ഷേത്ര ഭാരവാഹികളുടെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഒക്ടോബര്‍ 27 നാണ് ദീപക് ക്ഷേത്രത്തിലെ പൂജാരിയായി ചുമതലയേറ്റത്. അന്നും തൊട്ടടുത്ത ദിവസങ്ങളിലും ദീപക് ക്ഷേത്രത്തില്‍ പൂജ നടത്തി. 29ന് വൈകിട്ട് സെക്യൂരിറ്റി ജീവനക്കാരനോട് ഹൊസങ്കടി ടൗണിലേക്കാണെന്നും പറഞ്ഞാണ് ഇയാള്‍ ക്ഷേത്രത്തില്‍ നിന്ന് മുങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ല. ഫോണ്‍ ഓഫാക്കിയാണ് ഇയാള്‍ കടന്നത്. പൂജാരി താമസിക്കുന്ന വാടക വീട്ടില്‍ അന്വേഷിച്ചപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു.