കര്‍ണാടകയില്‍ ലുലു ഗ്രൂപ്പ് രണ്ടായിരം കോടി കൂടി നിക്ഷേപിക്കും

ബംഗളൂരു-കര്‍ണാടകയില്‍ രണ്ടായിരം കോടി രൂപയുടെ കൂടി നിക്ഷേപത്തിന് സര്‍ക്കാരുമായി ലുലുഗ്രൂപ്പ് ധാരണാപത്രം ഒപ്പിട്ടു. ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം നിര്‍വ്വഹിച്ച നിക്ഷേപക സംഗമത്തിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ  പുതിയ പ്രഖ്യാപനം. യൂസഫലി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ധാരണാപത്രം ഒപ്പിട്ടത്.
പുതിയ എയര്‍പോര്‍ട്ടിന് സമീപമാണ് ലുലു ഷോപ്പിങ് മാള്‍ തുടങ്ങുക. ബാഗ്ലൂരില്‍ ലുലുഗ്രൂപ്പിന്റെ രണ്ടാമത്തെ ഷോപ്പിങ് മാളാണിത്. ഇതിനുള്ള സ്ഥലം അനുവദിച്ച് കൊണ്ടും  ധാരണയായി. കൂടാതെ വിപുലമായ ഫുഡ് എക്‌സപോര്‍ട്ടിങ് യൂണിറ്റും കര്‍ണാടകയില്‍ തുടങ്ങുകയാണ്.  കര്‍ണാടക കാര്‍ഷിക മേഖലയിലെ ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് സെന്റര്‍ വഴി പ്രോസസ് ചെയ്ത് കയറ്റുമതി ചെയ്യുന്ന ചെയിന്‍ പദ്ധതിയാണ് ഫുഡ് പ്രോസസിങ് ഫോര്‍ എക്‌സപോര്‍ട്ട് ഒറിയെന്റഡ് യൂണിറ്റ്. നേരത്തെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക്‌സ് ഫോറത്തില്‍ ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുമായി കര്‍ണാടക മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഈ നിക്ഷേപം. കര്‍ണാടക സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നിക്ഷേപകസംഗമത്തിന് എത്തിയത്. കേന്ദ്രധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് തുടങ്ങി പ്രമുഖരും സംഗമത്തില്‍ പങ്കെടുത്തു.

Latest News