നീറ്റ് പരീക്ഷക്ക് മകനൊപ്പമെത്തിയ പിതാവ് കുഴഞ്ഞുവീണു മരിച്ചു

കൊച്ചി- ഇന്നു നടന്ന മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനായി മകനൊപ്പം തമിഴനാട്ടിൽ നിന്നെത്തിയ പിതാവ് കൊച്ചിയിൽ ഹൃദയാഘാതം മൂലം മരിച്ചു. തിരുവരൂർ ജില്ലയിലെ വിലക്കുടി സ്വദേശിയായ കൃഷണസ്വാമി ശ്രീനിവാസൻ(46)നാണ് മരിച്ചത്. ഇന്നു നടക്കുന്ന പരീക്ഷക്കായി ശനിയാഴ്ച തന്നെ കൃഷ്ണസ്വാമി മകനേയും കൂട്ടി കൊച്ചിയിലെത്തിയിരുന്നു. ഇന്നു രാവിലെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കൃഷ്ണസ്വാമിയുടെ സുഹൃത്താണ് മകൻ കസ്തൂരി മഹാലിംഗത്തെ പരീക്ഷാ കേന്ദ്രമായ തമ്മനം നളന്ദ പബ്ലിക് സ്‌കൂളിൽ കൊണ്ടു പോയി വിട്ടത്. ഇതിനു പിന്നാലെ കുഴഞ്ഞു വീണ കൃഷ്ണസ്വാമിയെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചു രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. ഉച്ചയ്ക്ക് പരീക്ഷ പൂർത്തിയാക്കിയ മകൻ കസ്തൂരിയെ പോലീസ് സ്‌കൂളിലെത്തി കൂട്ടി ആശുപത്രിയിൽ അച്ഛന്റെ മൃതദേഹം കാണിക്കാൻ കൊണ്ടു പോയി. 

നടപടികൾ പൂർത്തിയാക്കിയ ശേഷം തിഴ്‌നാട്ടിലുള്ള ബന്ധുക്കളെത്തി മൃതദേഹം ഇന്നു തന്നെ സ്വദേശത്തേക്കു കൊണ്ടു പോകും.
 

Latest News