രാഷ്ട്രീയ അശ്ലീലവും അസംബന്ധവുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കാഴ്ചക്കായിരുന്നു തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. പിറന്നുവീണ തീരത്തിന്റെയും ജീവിത മാർഗമായ കടലിന്റെയും അവകാശത്തിനായി കോർപറേറ്റ് ഭീകരനായ അദാനിയോട് പോരടിക്കുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തിനെതിരെ ബി.ജെ.പിയും സി.പി.എമ്മും കൈകോർത്ത കാഴ്ച!
ദേശീയപാത വികസനത്തിനായി മറ്റു സാധ്യതകൾ മുന്നോട്ടുവെച്ച്, സി.പി.എം വിമതരായ വയൽകിളികൾ നയിച്ച സമരത്തിന് ഐക്യദാർഢ്യവുമായി സുരേഷ് ഗോപിയടക്കമുള്ള നേതാക്കൾ എത്തിയപ്പോൾ അധിക്ഷേപ ശരങ്ങളുമായി രംഗത്തുവന്നത് സി.പി.എം സംസ്ഥാന നേതാക്കളടക്കമായിരുന്നു എന്നത് മറക്കാറായിട്ടില്ലല്ലോ. കഴിഞ്ഞില്ല, സമരം ചെയ്യുന്നവർ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു, വിദേശത്തുനിന്ന് പണം കൈപ്പറ്റി വികസനത്തെ തകർക്കാൻ ശ്രമിക്കുന്നു, വിമോചന സമരത്തിനു ശ്രമിക്കുന്നു തുടങ്ങിയ സ്ഥിരം പല്ലവികളും ആവർത്തിക്കുന്നു.
വിഴിഞ്ഞം തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ചിന്റെ സമാപനത്തിലാണ് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പനും ബി.ജെ.പി നേതാവ് വി.വി. രാജേഷും വേദി പങ്കിട്ടത്. സമരത്തിനെതിരെ ഇരുകൂട്ടരും മത്സരിച്ച് ആഞ്ഞടിച്ചു. അതിനു മുമ്പ് സമാധാനപരമായി നടക്കുന്ന സമരം കലാപ ശ്രമമാണെന്ന് വിദ്യാഭ്യാസ മന്ത്രി ആരോപിച്ചിരുന്നു. നായർ സർവീസ് സൊസൈറ്റി, എസ്എൻഡിപി യോഗം, വിശ്വകർമ സഭ, വൈകുണ്ഡ സ്വാമി ധർമ പ്രചാരണ സഭ, കേരള തണ്ടാൻ മഹാസഭ, നാടാർ സർവീസ് സൊസൈറ്റി തുടങ്ങിയ സംഘടനകളാണ് മാർച്ച് സംഘടിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്.
വിഴിഞ്ഞം അദാനി തുറമുഖം സൃഷ്ടിക്കുന്ന ദുരിതങ്ങൾക്കെതിരെ തീരദേശ സമൂഹം നടത്തുന്ന സമരം സംസ്ഥാന തലത്തിലും കൂടുതൽ പിന്തുണയാർജിച്ച് മുന്നേറുന്ന സാഹചര്യത്തിലാണ് അസത്യ പ്രചാരണങ്ങളുമായി കോർപറേറ്റുകളെ പിന്താങ്ങുന്ന പാർട്ടികളും ചില മാധ്യമങ്ങളും രംഗത്തു വന്നിരിക്കുന്നതെന്ന് സമര സമിതി പറയുന്നു. അതിന്റെ ഭാഗമായി, സ്ത്രീ ശാക്തീകരണത്തിനായി മൂന്ന് പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചു വരുന്ന ഏലിയാമ്മ വിജയനെയും സഖി എന്ന സംഘടനയെയും മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയൻ രംഗത്തും മത്സ്യമേഖലയിലെ ഗവേഷണ രംഗത്തും 1980 മുതൽ പ്രവർത്തിക്കുന്ന എ.ജെ. വിജയനെയും അപകീർത്തിപ്പെടുത്തി വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളും തുടങ്ങിയിരിക്കുന്നതായും സമിതി ചൂണ്ടിക്കാട്ടി. സമര സമിതിയുമായി നേരിട്ട് ബന്ധമില്ലാത്ത സഖി വിഴിഞ്ഞം സമരത്തിന് വേണ്ടി വിദേശ ഫണ്ട് സ്വീകരിച്ചു എന്ന ആക്ഷേപം നടത്തിയവർക്കെതിരെ മാനനഷ്ടത്തിനും നഷ്ടപരിഹാരത്തിനുമായി വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. നൂറു ദിവസം പിന്നിട്ട അതിജീവന സമരത്തെ നിർവീര്യമാക്കാൻ തൽപര കക്ഷികൾ നിഗൂഢ ഇടപെടലുകൾ നടത്തുകയാണെന്ന് സമര സമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപത വികാരി ജനറലുമായ ഫാ. യൂജിൻ പെരേര ആരോപിക്കുന്നു. സമരത്തിന്റെ പേരിൽ ആരെങ്കിലും വിദേശ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തിലെ ലത്തീൻ സഭ നേതൃത്വത്തെ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ വിമോചന സമരത്തിനാണ് നീക്കമെന്ന ആരോപണം ഉന്നിക്കുന്നവരെയും കണ്ടു. ചരിത്രത്തെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഇതു പറയുന്നത്. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പോരാട്ടങ്ങളിലെല്ലാം സഭയുടെ സാന്നിധ്യമുണ്ടായിരുന്നു. എത്രയോ കന്യാസ്ത്രീകൾ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. സിസ്റ്റർ ആലീസിനെയും മറ്റും മറക്കാറായോ? പല സമരങ്ങളോടും ഇടതുപക്ഷവും സഹകരിച്ചിട്ടുണ്ട്. അവയാന്നും വിമോചന സമരമായിരുന്നില്ലല്ലോ. പിന്നെങ്ങനെ അദാനിക്കെതിരായ സമരം വിമോചന സമരമാകും? ഈ സമരവും കൃത്യമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. അവയാകട്ടെ തകർന്നു തരിപ്പണമാകുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം തിരിച്ചുപിടിക്കാനുള്ളവ. അവക്കൊന്നും അവക്കു മറുപടി പറയാതെയാണ് ബിജെപിയുമായി ചേർന്നുള്ള രാഷ്ട്രീയ അശ്ലീലത്തിനു സർക്കാരും സിപിഎമ്മും തയാറായിരിക്കുന്നത്.
സമര സമിതിയുടെ ആവശ്യങ്ങൾ മിക്കതും അംഗീകരിച്ചെന്ന ഭരണ നേതൃത്വത്തിന്റെ അവകാശ വാദങ്ങൾ തെറ്റാണെന്ന് സമരസമിതി പറയുന്നു.
കഴിഞ്ഞ ആറ് വർഷമായി ഭവനങ്ങൾ നഷ്ടപ്പെട്ടവരിൽ സിമന്റ് ഗോഡൗണുകളിലും സ്‌കൂളുകളിലും കഴിയുന്നവർക്ക് വീടുകൾ നിർമിച്ചു നൽകുന്നതുവരെ 5500 രൂപ പ്രതിമാസ വാടക നൽകും, 335 കുടുംബങ്ങളെ പുനരധിവസിപ്പിക്കും, സ്വന്തമായി വീട് വെക്കാൻ തയാറാകുന്നവർക്ക് സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപ അനുവദിക്കും, പുനരധിവാസത്തിന് മുട്ടത്തറയിൽ എട്ടേക്കർ ഭൂമി ഫിഷറീസ് വകുപ്പിന് കൈമാറും, അവിടെ വീടുകൾ നിർമിക്കുമ്പോൾ ഭവന രഹിതരായവർക്ക് മുൻഗണന നൽകും എന്നിവ മാത്രമാണ് വ്യക്തമായി സർക്കാർ രേഖാമൂലം പറയുന്ന കാര്യങ്ങൾ. മുതലപ്പൊഴി ഫിഷിംഗ് ഹാർബർ മീൻപിടിത്തക്കാർക്ക് സൃഷ്ടിക്കുന്ന അപകടാവസ്ഥ, മണ്ണെണ്ണ സബ്‌സിഡി പ്രശ്‌നങ്ങൾ തുടങ്ങിയവക്കു നേരെ ഗവണ്മെന്റ് കണ്ണടക്കുകയാണ്. തീരസംരക്ഷണത്തിന് നേരത്തെ തന്നെ ഉള്ള ചില പദ്ധതികൾ നടപ്പിലാക്കുമെന്ന് ഒഴുക്കൻ മട്ടിൽ പറയുന്നു. പ്രധാന ആവശ്യങ്ങളിൽ ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്നാണ് സമര സമിതി വിലയിരുത്തുന്നത്. അദാനിയുടെ തുറമുഖ നിർമാണ പ്രവൃത്തികൾ കാരണം തീരശോഷണം സംഭവിക്കുന്നത് അംഗീകരിക്കാൻ തയാറാകില്ലെന്ന പിടിവാശിയാണ് ഭരണാധികാരികൾ പ്രകടിപ്പിക്കുന്നത്. മാത്രമല്ല, 5500 രൂപ വാടക അപര്യാപ്തമാണെന്നും സ്ഥലത്തിനും വീടിനും കൂടി 10 ലക്ഷം രൂപ നൽകിയാൽ അതുകൊണ്ട് സ്ഥലം വാങ്ങി വീട് നിർമിക്കാൻ ആവില്ലെന്നും സമര സമിതി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരം തുടരുന്നത്. അല്ലാതെ അത് കലാപ ശ്രമമോ വിമോചന സമരമോ അല്ല.






