മൂലം നക്ഷത്രത്തില്‍ ജനിച്ച കുട്ടി ദോഷം വരുത്തും; ഭാര്യയേയും മകനേയും പുറത്താക്കി

രാംനഗര്‍-ജ്യോത്സ്യന്റെ ഉപദേശത്തെത്തുടര്‍ന്ന് ഭാര്യയെയും മൂന്ന് വയസ്സുള്ള മകനെയും വീട്ടില്‍നിന്ന് പുറത്താക്കിയ ഭര്‍ത്താവിനെതിരെ കര്‍ണാടക പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.  മൂലം നക്ഷത്രത്തില്‍ പിറന്ന കുട്ടി കുടുംബത്തിന് ദോഷം വരുത്തുമെന്നാണ് ജ്യോത്സ്യന്‍ പറഞ്ഞിരുന്നത്.  
ബംഗളൂരുവിനടുത്ത് ചന്നപട്ടണ നഗരത്തിലെ മഞ്ജുനാഥ ലേഔട്ടില്‍ താമസിക്കുന്ന നവീനെതിരെയാണ് ഭാര്യയുടെ പരാതിയില്‍ കേസെടുത്തത്. മകനെ കൊല്ലാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതായും നവീന്റെ ഭാര്യ ശ്രുതി രാംനഗര്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് നവീനും ശ്രുതിയും വിവാഹിതരായത്. 2020ല്‍ ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ആണ്‍കുട്ടിക്ക് റുത്വിക് എന്ന് പേരിട്ടു.  2020 ജനുവരി 22 ന് 12.42നാണ് കുട്ടി ജനിച്ചത്. മൂലം നക്ഷത്രത്തിലാണ് കുഞ്ഞ് ജനിച്ചതെന്നും അത് കുടുംബത്തിന് ദോഷം വരുത്തുമെന്നുമാണ് ജ്യോതിഷി പറഞ്ഞത്.
ജ്യോത്സ്യനെ സന്ദര്‍ശിച്ച ശേഷം നവീന്‍ ഭാര്യയെയും മകനെയും പീഡിപ്പിക്കാന്‍ തുടങ്ങി. മൂലം നക്ഷത്രത്തില്‍ ജനിച്ചതിന് നവീന്‍ മകനെ ശപിക്കുകയും ഭാര്യയെ ആക്രമിക്കുകയും ചെയ്തു.
മകനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ നവീനും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നതായും ശ്രുതി പോലീസിനോട് പറഞ്ഞിരുന്നു. നികൃഷ്ട കുട്ടിയെ വേണ്ടെന്ന് നവീന്റെ അച്ഛന്‍ പറയാറുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Latest News