ന്യൂദല്‍ഹി- പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും ദല്‍ഹി പോലീസിന് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
ദല്‍ഹി പോലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ജിന്‍ഡാലിന് നല്‍കിയ ഇടക്കാല സംരക്ഷണം ജസ്റ്റിസുമാരായ എംആര്‍ ഷാ, എംഎം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നീട്ടുകയും ചെയ്തു.
ആരോപണവിധേയമായ പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കുന്നതിനായി ദല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ജിന്‍ഡാലിനെ സുപ്രീം കോടതി അനുവദിച്ചു. കൂടാതെ ഭാവിയിലെ എല്ലാ എഫ്‌ഐആറുകളും അന്വേഷണത്തിനായി ദല്‍ഹി പോലീസിന് കൈമാറണമെന്നും പറഞ്ഞു.
പ്രതിക്കെതിരെ എട്ടാഴ്ചത്തേക്ക് മുന്‍കരുതല്‍ നടപടികളോ എഫ്‌ഐആറുകളോ പാടില്ല. ദല്‍ഹി ഹൈക്കോടതിക്ക് മുമ്പാകെ പ്രതിക്ക് ഉചിതമായ പ്രതിവിധി തേടാം- ബെഞ്ച് പറഞ്ഞു.
ടിവി ചര്‍ച്ചക്കിടെ പ്രവാചകനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നിരവധി സംസ്ഥാനങ്ങളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത ബിജെപി വക്താവ് നൂപുര്‍ ശര്‍മക്കും സുപ്രീം കോടതി നേരത്തെ സമാനമായ ഇളവ് നല്‍കിയിരുന്നു.
എഫ്‌ഐആറുകള്‍ ദല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) അന്വേഷിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. പ്രവാചകനെക്കുറിച്ചുള്ള നൂപര്‍ ശര്‍മ്മയുടെ പരാമര്‍ശം രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമാവുകയും നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിശിത വിമര്‍ശനങ്ങള്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ബിജെപി നൂപുര്‍ ശര്‍മയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.






