ചുമതല ഏറ്റെടുക്കാനെത്തിയ കെ.ടി.യു താല്‍ക്കാലിക വി സിയെ എസ്.എഫ്.ഐയും ജീവനക്കാരും തടഞ്ഞു

തിരുവനന്തപുരം-കേരള സാങ്കേതിക സര്‍വകലാശാലയില്‍ താല്‍ക്കാലിക വൈസ് ചാന്‍സലറായി ചുമതല ഏറ്റെടുക്കാനെത്തിയ ഡോ. സിസ തോമസിനെ തടഞ്ഞ് എസ് എഫ് ഐയും യൂമിവേഴ്‌സിറ്റി ജീവനക്കാരും. തുടര്‍ന്ന് പോലീസ് സംരക്ഷണത്തോടെയാണ് ഇവര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ പ്രവേശിച്ചത്. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരാണ് സംഘര്‍ഷം നടത്തുന്നത്. പ്രതിഷേധം പ്രതീക്ഷിച്ചാണ് എത്തിയതെന്ന് ഡോ. സിസ പ്രതികരിച്ചു
ഇതൊരു അധിക ചുമതല മാത്രമാണ്. സ്ഥിരം വി സി വരുന്നതുവരെ അത് നിറവേറ്റാന്‍ തന്നെയാണ് തീരുമാനം. ഇത്രയും പ്രധാനപ്പെട്ട ഒരു യൂണിവേഴ്‌സിറ്റിയില്‍ വി സി ഇല്ലാതിരിക്കാന്‍ പറ്റില്ല. അങ്ങനെയൊരാള്‍ ഉണ്ടെങ്കില്‍ മാത്രമേ കുട്ടികളുടെ കാര്യങ്ങള്‍ നടക്കുകയുള്ളൂ. താല്‍ക്കാലിക വി സി ആകാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍, തങ്ങളുടെ റിസള്‍ട്ട് വന്നിട്ടില്ല, ജോലിക്ക് പ്രവേശിക്കണം എന്ന തരത്തില്‍ ഇരുന്നൂറിലധികം മെയിലുകളാണ് വന്നത്. കുട്ടികള്‍ക്ക് വേണ്ടി നല്ലത് ചെയ്യുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ അവസാനിക്കും എന്നാണ് പ്രതീക്ഷ.- ഡോ. സിസ പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡോ. സിസ തോമസിന് കെ ടി യു വി സിയുടെ ചുമതല നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ആണ് ഡോ. സിസ തോമസ്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഇത് തള്ളിയാണ് ഡോ. സിസ തോമസിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കെടിയു വി സിയുടെ ചുമതല നല്‍കിയത്. വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോക്ടര്‍ എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഡോക്ടര്‍ രാജശ്രീയെ നിയമിച്ചത് യു ജി സി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആര്‍ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. 
 

Latest News