റിയാദ്- പ്രഥമ സൗദി ദേശീയ ഗെയിംസില്‍ മലയാളി പെണ്‍കുട്ടിക്ക് സുവര്‍ണ നേട്ടം. ബാഡ്മിന്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇന്‍ര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കുളിലെ 11ാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഖദീജ നിസയാണ് സ്വര്‍ണമെഡലും 10 ലക്ഷം റിയാല്‍ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാന തുകയും നേടിയത്.
സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസില്‍ മാറ്റുരച്ച ഏക മലയാളി താരമാണ് ഖദീജ നിസ. സൗദിയില്‍ ജനിച്ച വിദേശികള്‍ക്കും ദേശീയ ഗെയിംസില്‍ ഭാഗമാകാം എന്ന ഇളവാണ് ഈ മിടുക്കിക്ക് തുണയായത്.
ഒക്‌ടോബര്‍ 28ന് റിയാദില്‍ ആരംഭിച്ച സൗദി ദേശീയ ഗെയിസില്‍ നവംബര്‍ ഒന്ന് മുതലാണ് ബാഡ്മിന്റണ്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ആദ്യം വിവിധ ക്ലബ്ബുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പൂളുകള്‍ തമ്മിലായിരുന്നു മത്സരം. ഇതില്‍ അനായാസം വിജയം വരിച്ച ഖദീജ നിസ ബുധനാഴ്ച വൈകിട്ട് നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലും വ്യാഴാഴ്ച രാവിലെ നടന്ന സെമിഫൈനലിലും വിജയം നേടി.
അല്‍നജ്ദ് ക്ലബ്ബിനെ പ്രതിനിധീകരിച്ച് മത്സരിച്ച ഖദീജ വ്യാഴാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച ഫൈനല്‍ മത്സരത്തില്‍ അല്‍ഹിലാല്‍ ക്ലബ്ബിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ ഹലാല്‍ അല്‍മുദരിയ്യയെ 21-11, 21-10 എന്ന സ്‌കോര്‍ നിലയില്‍ അനായാസം തകര്‍ത്തെറിഞ്ഞ് കിരീടം ചൂടുകയായിരുന്നു.
റിയാദില്‍ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കല്‍ ലത്തീഫ് കോട്ടുരിന്റേയും ഷാനിദയുടേയും മൂന്നാമത്തെ മകളാണ് ഖദീജ നിസ. രണ്ടര മാസം മുമ്പ് നടന്ന സെലക്്ഷനില്‍ സൗദിയിലേയും വിദേശത്തേയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ദേശീയ ഗെയിംസിലേക്കുള്ള വഴിയൊരുക്കിയത്.