Sorry, you need to enable JavaScript to visit this website.

ഭോപാലില്‍ ഹലാല്‍ എന്നു മിണ്ടിപ്പോകരുത്,  പ്രഗ്യാ സിംഗ് കല്‍പിച്ചു,  നഗരസഭ അനുസരിച്ചു 

ഭോപാല്‍- മദ്ധ്യപ്രദേശിലെ സ്ഥലപ്പേരുകള്‍ മാറ്റാനായി നഗരസഭാ തീരുമാനം. തലസ്ഥാന നഗരിയിലെ രണ്ട് സ്ഥലങ്ങളുടെ പേരുകളാണ് ഇപ്രകാരം മാറ്റം വരുത്തുന്നത്. പഴയ പേരുകള്‍ അശുദ്ധമാണെന്ന വിലയിരുത്തലിലാണ് പുനര്‍നാമകരണം നടത്തുന്നത്. ഭോപ്പാല്‍ എംപിയും വിവാദ ബിജെപി നേതാവുമായ സാധ്വി പ്രഗ്യാ സിംഗ് താക്കൂറിന്റെ നിര്‍ദേശപ്രകാരമാണ് സ്ഥലപ്പേരുകളില്‍ മാറ്റം വരുത്തുന്നതെന്നാണ് വിവരം. ഇതിനായുള്ള പ്രമേയങ്ങള്‍ നിലവില്‍ നഗരസഭ പാസാക്കിയിട്ടുണ്ട്.
ഭോപ്പാലിലെ 'ഹലാല്‍പൂ'ര്‍ ബസ്സ്റ്റാന്റിന്റെ പേര് 'ഹനുമാന്‍ ഗര്‍ഹി' ബസ്സ്റ്റാന്‍ഡ് എന്നും 'ലാല്‍ ഘാട്ടിയ' എന്ന സ്ഥലപ്പേര് 'മഹേന്ദ്ര നാരായണ്‍ ദാസ് ജി മഹാരാജ് സര്‍വേശ്വര ചൗര' എന്നാക്കി മാറ്റാനുമാണ് കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ തീരുമാനം എടുത്തിരിക്കുന്നത്. ഹലാല്‍ പൂരിലെ 'ഹലാല്‍' എന്ന വാക്ക് അശുദ്ധമാണ് അതിനാല്‍ അടിമത്തത്തിന്റെ ചിഹ്നം നീക്കം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ചരിത്രം മാറ്റിമറിക്കുന്ന തരത്തില്‍ നാം ശക്തരാകും. കൂടാതെ ഭോപ്പാലിന്റെ ചരിത്രം മാറ്റിയെഴുതാനും നമ്മള്‍ തയ്യാറാണ്, പ്രഗ്യാ സിംഗ്  താക്കൂര്‍ പുനര്‍നാമകരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി കൊലപാതകങ്ങള്‍ക്ക് സാക്ഷിയായത് മൂലം രക്തം കലര്‍ന്ന ഭൂതകാലം മറക്കുന്നതിനായി ലാല്‍ ഘാട്ടിയുടെ പേരുമാറ്റം അനിവാര്യമാണെന്നും ഭോപ്പാല്‍ എം പി കൂട്ടിച്ചേര്‍ത്തു. നാഥുറാം വിനായക് ഗോഡ്‌സെയെ രാജ്യ സ്‌നേഹി എന്ന് വിശേഷിപ്പിച്ചതിനും മുസ്‌ലിം ന്യൂനപക്ഷവിരുദ്ധ പരാമര്‍ശങ്ങള്‍ കൊണ്ടും വിവാദങ്ങളില്‍ ഇടം പിടിച്ച നേതാവാണ് പ്രഗ്യാ സിങ് താക്കൂര്‍.
 

Latest News