ഫിലിപ്പൈന്‍സില്‍ ട്രെയിന്‍ അപകടത്തില്‍ രക്ഷപ്പെട്ട വ്യാപാരി പയ്യന്നൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു

പയ്യന്നൂര്‍- മൂന്ന് മാസം മുമ്പ് ഫിലിപ്പൈന്‍സിലുണ്ടായ  ട്രെയിന്‍ അപകടത്തില്‍ രക്ഷപ്പെട്ട പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിയായ പ്രവാസിയെ പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷന് സമീപം ട്രെയിന്‍  തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
 കണ്ടങ്കാളിയിലെ മഞ്ഞച്ചേരി അടിയോടി വീട്ടില്‍വിനയനെ (56) യാണ് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കുഭാഗത്തായി കഴിഞ്ഞ രാത്രി തീവണ്ടി തട്ടിയ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും സഹായത്തോടെ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
എക്‌സ്‌പോര്‍ട്ട് വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിനയന്‍ മൂന്ന് മാസം മുമ്പ് ഫിലിപ്പൈന്‍സില്‍ വെച്ച് തീവണ്ടി അപകടത്തില്‍പ്പെട്ടിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ രണ്ട് ഫിലിപ്പൈന്‍സുകാര്‍ മരിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ വിനയനില്‍ നിന്നും  ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം നാട്ടിലേക്ക് അയക്കുകയായിരുന്നു.
           ബിസിനസ് ആവശ്യാര്‍ത്ഥം മുംബെയിലേക്ക് പോകുന്ന കാര്യവും
കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ടൗണിലെ സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. സമീപകാലത്തായി തെക്കെ ബസാറിലെ ലോഡ്ജിലാണ് താമസിച്ചു വന്നിരുന്നത്. കര്‍ണ്ണാടക സ്വദേശിനിയായ ഭാര്യയും രണ്ടു മക്കളും ബാംഗ്ലൂരിലാണ് താമസം.

Latest News