ഭോപ്പാല്‍- മധ്യപ്രദേശില്‍ സ്‌കൂള്‍ അസംബ്ലിക്ക് ശേഷം 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥിയെ ശിക്ഷിച്ച രണ്ട് അധ്യാപകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. രണ്ട് അധ്യാപകര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവര്‍ പറഞ്ഞു.
ജസ്റ്റിന്‍, ജാസ്മീന ഖാത്തൂണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഗുണ ജില്ലയിലെ െ്രെകസ്റ്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവം. വ്യാഴാഴ്ച സ്‌കൂള്‍ കാമ്പസിനു മുന്നില്‍ കുടുംബാംഗങ്ങളും ഏതാനും സാമൂഹിക സംഘടനകളും പ്രതിഷേധം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തില്‍ പ്രതിഷേധിച്ച് 'ഹനുമാന്‍ ചാലിസയും സംഘടിപ്പിച്ചു.
ദേശീയ ഗാനത്തിന് ശേഷം ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മുഴക്കിയതിനെ തുടര്‍ന്ന് ജസ്റ്റിന്‍ സാര്‍ വന്ന് വരിയില്‍ നിന്ന് പുറത്താക്കിയെന്ന് വിദ്യാര്‍ത്ഥി ശിവാന്‍ഷ് ജെയിന്‍ പറഞ്ഞു. പിന്നീട് ക്ലാസ് ടീച്ചറായ ജാസ്മീന ഖാത്തൂണ്‍ ഞാന്‍ ക്ലാസ്സിന്റെ പേര് നശിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി അടുത്ത നാല് പിരീഡുകളില്‍ നിലത്തിരുത്തിയെന്നും വിദ്യാര്‍ഥി പറയുന്നു.