ജിദ്ദ- വൈറല്‍ പനി പടരുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.
ധാരാളം കുട്ടികള്‍ക്ക് സീസണല്‍ ഫ് ളൂ, വൈറല്‍ പനി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്. പനിയുടെ ലക്ഷണങ്ങളുമായി സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ മറ്റു കുട്ടികള്‍ക്കും പടരാന്‍ ഇടയാക്കും. പനിയും മറ്റും കാരണം സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് സിക്ക് ലീവ് നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സൗദിയുടെ പല ഭാഗങ്ങളിലും പകര്‍ച്ചപ്പനി വ്യാപകമായിരിക്കയാണ്. രോഗബാധിതരില്‍ പലരും കോവിഡ് പിടിപെട്ടവരുമാണ്.
കുട്ടികള്‍, പ്രായമായവര്‍, ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ജീവിത ശൈലീ രോഗബാധിതര്‍, പ്രതിരോധ ശേഷി കുറവുള്ളവര്‍ എന്നിവര്‍ക്കാണ് പകര്‍ച്ചപ്പനിയും അനുബന്ധ രോഗങ്ങളും ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതെന്നും അവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളിലും ആളുകള്‍ ഒരുമിച്ചു കൂടുന്നയിടത്തും മാസ്‌ക് ധരിക്കുന്നതാണ് ഉത്തമമെന്നും കൈകള്‍ നന്നായി കഴുകണമെന്നും കണ്ണിലും വായയിലും കൈകൊണ്ട് നേരിട്ട് തൊടരുതെന്നും മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മിക്ക ക്ലിനിക്കുകളിലും ആശുപത്രികളിലും ഇപ്പോള്‍ പകര്‍ച്ചപ്പനി ബാധിച്ചവരുടെ തിരക്കാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ, തലവേദന എന്നിവ ബാധിച്ചാണ് പലരും ഡോക്ടര്‍മാരുടെ അടുത്തേക്ക് വരുന്നത്. രോഗബാധിതരില്‍ 20 ശതമാനത്തോളം പേര്‍ കോവിഡ് ലക്ഷണങ്ങളുള്ളവരാണ്.