കോഴിക്കോട്- സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവസംവിധായകനും സുഹൃത്തും പിടിയില്‍. സംവിധായകന്‍ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കല്‍ മണ്ണാര്‍ക്കണ്ടി അല്‍ ഇര്‍ഫാത്തില്‍ ഷംനാദ് (33) എന്നിവരാണ് അറസ്റ്റിലായത്.
കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ മടിവാളയില്‍ വച്ച് ഇവര്‍ പിടിയിലായി. കൊയിലാണ്ടി സിഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
മൂവരും ഗുണ്ടല്‍പേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തിയെങ്കിലും കടന്നുകളയുകയായിരുന്നു. ഹോട്ടലിലെ സിസിടിവി പരിശോധിച്ച് എത്തിയത് അവര്‍ തന്നെയെന്ന് ഉറപ്പുവരുത്തി. വിശദമായ അന്വേഷണത്തില്‍ ഇവര്‍ മൈസൂരുവിലേക്കും അവിടെനിന്ന് ബംഗളൂരുവിലേക്കും കടന്നതായി കണ്ടെത്തി. കാര്‍ െ്രെഡവറുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിന്നീട് മൂവരെയും കണ്ടെത്തിയത്. ബൈനറി എന്ന സിനിമയുടെ സംവിധായകനാണ് ജാസിക് അലി.