ജിഹാദി സാഹിത്യം കൈയില്‍ വെക്കുന്നത് കുറ്റമല്ല, യു.എ.പി.എ കേസില്‍ എന്‍.ഐ.എയോട് കോടതി

ന്യൂദല്‍ഹി- ജിഹാദി സാഹിത്യമോ ഫിലോസഫിയോ കൈയില്‍ വെച്ചത് കൊണ്ട് മാത്രം ഒരാളെയും കുറ്റവാളിയായി കാണാനാകില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് ദല്‍ഹി കോടതി. നടപടി സ്വീകരിക്കണമെങ്കില്‍ സാഹിത്യങ്ങള്‍ നിരോധിക്കപ്പെട്ടതാകണം. അല്ലെങ്കില്‍ ഇവ ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകണം.  യു.എ.പി.എ കേസ് പരിഗണിക്കവേയാണ് എന്‍.ഐ.എയോട് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പട്യാല ഹൗസ് കോടതിയിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി ധര്‍മേഷ് ശര്‍മയുടേതാണ് നിരീക്ഷണം.  ജിഹാദി സാഹിത്യ കൃതികള്‍ കൈവശം വെക്കുന്നത് കൊണ്ട് മാത്രം കുറ്റവാളിയാക്കുന്നത് ഭരണഘടനയുടെ 19ാം ആര്‍ടിക്കിള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യത്തിനും അവകാശത്തിനും എതിരാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
കേസില്‍ 11 പേര്‍ക്ക് നിരോധിത ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നും സമൂഹ മാധ്യമങ്ങളിലടക്കമുള്ള ഐഎസ് അജണ്ടകളുടെ പ്രചാരകരായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നുമാണ് എന്‍ഐഎ ആരോപണം.
മുസ്ഹബ് അന്‍വര്‍, റീസ് റഷീദ്, മുന്‍ഡാഡിഗുട്ട് സദാനന്ദ മര്‍ല ദീപ്തി, മുഹമ്മദ് വഖാര്‍ ലോണ്‍, മിസ്ഹ സിദ്ദീഖ്, ഷിഫ ഹാരിസ്, ഉബൈദ് ഹാമിദ് മട്ട, അമ്മാര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കെതിരെ ഐപിസി 120 ബി സെക്്ഷന്‍ പ്രകരവും യുഎപിഎ 2(0), 13, 38, 39 പ്രകാരവുമുള്ള കുറ്റങ്ങള്‍ കോടതി നിലനിര്‍ത്തി. എന്നാല്‍ മുസമ്മില്‍ ഹസന്‍ ഭട്ടിനെ കോടതി എല്ലാ കുറ്റങ്ങളില്‍ നിന്നും വിമുക്തനാക്കി.

 

Latest News