ഉപയോക്താക്കൾ വർധിച്ചതായി കൂ; 50 ദശലക്ഷം ഡൗൺലോഡ്

ഈ വർഷം ജനുവരി മുതൽ ഉപയോക്താക്കൾ, ചെലവഴിച്ച സമയം, ഇടപഴകൽ എന്നിവയിൽ ഗണ്യമായ വളർച്ച കൈവരിച്ചതായി ട്വിറ്ററിന്റെ പകരക്കാരനായി ആരംഭിച്ച കൂ. ഇതിനകം 50 ദശലക്ഷം ഡൗൺലോഡുകൾ കൈവരിച്ചതായാണ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ കൂ അവകാശപ്പെടുന്നത്. 
ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി, കന്നഡ, തമിഴ്, തെലുഗ്, അസാമീസ്, ബംഗാളി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ 10 ഭാഷകളിൽ കൂ ലഭ്യമാണ്.
7500 ലധികം ഉയർന്ന പ്രൊഫൈലുള്ളവർ, ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ, അധ്യാപകർ, സംരംഭകർ, കവികൾ, നേതാക്കൾ, എഴുത്തുകാർ, കലാകാരന്മാർ, അഭിനേതാക്കൾ തുടങ്ങിയവർ അവരുടെ മാതൃഭാഷകളിൽ സജീവമായി പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 
ഇന്ത്യയിൽ നിർമിച്ച ബഹുഭാഷ സോഷ്യൽ നെറ്റ്‌വർക്കിന്റെ ആവശ്യകതയെ ഇത് സാധൂകരിക്കുന്നുവെന്നും വിവിധ ഭാഷ സംസാരിക്കുന്ന ഇന്ത്യക്കാരെ ദൈനംദിന ചിന്തകൾ പങ്കിടാൻ തടസ്സമില്ലാതെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും കൂ ആപ്പിന്റെ സിഇഒയും സഹസ്ഥാപകനുമായ രാധാകൃഷ്ണ പറഞ്ഞു.
100 കോടി ഇന്ത്യക്കാർ അഭിമുഖീകരിക്കുന്ന പ്രശ്‌നം ഞങ്ങൾ പരിഹരിക്കുന്നു എന്നതിന്റെ തെളിവാണ്  ദ്രുതഗതിയിലുള്ള വളർച്ചയെന്നും അദ്ദേഹം അവകാശപ്പെട്ടു.
2020 മാർച്ചിലാണ് ബഹുഭാഷാ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായി കൂ  ആരംഭിച്ചത്. ടെക്‌നോളജിയിൽ കമ്പനി നിക്ഷേപം തുടരുമെന്നും രാധാകൃഷ്ണ പറഞ്ഞു. ടൈഗർ ഗ്ലോബൽ, ആക്‌സൽ, കളരി ക്യാപിറ്റൽ, ബ്ലൂം വെഞ്ച്വേഴ്‌സ്, ഡ്രീം ഇൻകുബേറ്റർ തുടങ്ങിയ പ്രാരംഭ ഘട്ട നിക്ഷേപകരാണ് കൂയെ പിന്തുണക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ കൂ 10 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.
നിക്ഷേപകരിൽ ക്യാപ്‌സിയർ വെഞ്ച്വർ പാർട്ണർ, രവി മോഡി ഫാമിലി ട്രസ്റ്റ്, അഷ്‌നീർ ഗ്രോവർ, എഫ്ബിസി വെഞ്ച്വർ പാർട്‌ണേഴ്‌സ്, അഡ്വെന്റ്‌സ് ഫിനാൻസ് തുടങ്ങിയവ ഉൾപ്പെടുന്നു.

Latest News