ആരോഗ്യമുള്ള പൗരന്മാരാണ് രാജ്യത്തിന്റെ സമ്പത്ത്. അതിനാൽ പൗരന്മാരുടെ ആരോഗ്യത്തിന് പല രാജ്യങ്ങളും ഏറെ പ്രാധാന്യമാണ് നൽകുന്നത്. ഇക്കാര്യത്തിൽ സൗദി അറേബ്യ ഒരുപടി മുന്നിലാണ്. അത്യാധുനിക ചികിത്സ സൗകര്യങ്ങൾക്കു പുറമെ പൗരന്മാരുടെ ആരോഗ്യ പരിരക്ഷക്ക് ഒട്ടേറെ പരിപാടികളും പദ്ധതികളുമാണ് വിഷൻ 2030 ന്റെ ഭാഗമായി സൗദി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൽ കായിക മേഖലക്ക് വൻ പ്രാധാന്യമാണ് നൽകുന്നത്. സ്ത്രീകൾ ഏറെ പിന്നിൽ നിന്നിരുന്ന ഈ രംഗത്തേക്ക് ഇന്ന് സ്ത്രീകളുടെ കുത്തൊഴുക്കാണ്. 2018 ൽ സ്ത്രീകൾക്കും കുട്ടികൾക്കും സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിന് അനുമതി നൽകി നടത്തിയ രാജകൽപനയോടെ കായിക മേഖല സ്ത്രീകൾക്ക് ഒന്നായി തുറക്കപ്പെടുകയായിരുന്നു. വളരെ കുറഞ്ഞൊരു കാലം കൊണ്ട് സൗദി വനിതകൾ ലോക കായിക ഭൂപടത്തിൽ ഇടം നേടിക്കഴിഞ്ഞു. ദേശീയ വനിത ഫുട്ബോൾ ടീമും ഇപ്പോൾ റിയാദിൽ നടന്നു വരുന്ന ദേശീയ ഗെയിംസുമെല്ലാം അതിനു ഉദാഹരണങ്ങളാണ്.
താളമേളങ്ങളുടെയും വർണങ്ങളുടെയും ദൃശ്യ, ശ്രാവ്യ വിസ്മയമൊരുക്കി സാങ്കേതികത്തികവിന്റെ പെരുമ വിളിച്ചറിയിച്ച് ലോക ശ്രദ്ധയാകർഷിച്ചുകൊണ്ടാണ് പ്രഥമ ദേശീയ ഗെയിംസ് റിയാദിൽ ആരംഭിച്ചിരിക്കുന്നത്. കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നവംബർ ഏഴു വരെ തുടരുന്ന ദേശീയ ഗെയിംസിൽ ആറായിരത്തിലേറെ കായിക താരങ്ങളാണ് പുതിയ ദൂരവും വേഗവും റെക്കോർഡുകളുമെല്ലാം സൃഷ്ടിക്കാനായി മാറ്റുരക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ക്ലബ്ബുകളിലെ താരങ്ങളാണ് വമ്പൻ മാർച്ച്പാസ്റ്റുമായി കായിക മാമാങ്കത്തിന്റെ ചരിത്രം കുറിച്ചത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒട്ടേറെ രാജ്യാന്തര കായിക, വിനോദ മത്സരങ്ങൾക്ക് രാജ്യം സാക്ഷിയായിരുന്നു. ആഭ്യന്തര, രാജ്യാന്തര കായിക മത്സരങ്ങളിൽ രാജ്യത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതിവിപുലമായി ദേശീയ ഗെയിംസിന് കൊടി ഉയർത്തിയിട്ടുള്ളത്. അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം കായിക മേഖലയെ നവീകരിക്കുകയും പുത്തൻ താരോദയങ്ങൾക്കു വേദിയൊരുക്കുകയുമാണ് ലക്ഷ്യം. കായിക മേഖലയിൽ സൗദിക്ക് സംഭാവനകൾ നൽകിയവരെയും നിലവിൽ കായിക രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെയും ആദരിക്കലും വരാനിരിക്കുന്ന കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകലുമെല്ലാം ഈ കായിക മാമാങ്കത്തിന്റെ ഉദ്ദേശ്യ ലക്ഷ്യമാണ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിർദേശാനുസരണം അണിയിച്ചൊരുക്കിയിട്ടുള്ള ദേശീയ ഗെയിംസിനായി 200 ദശലക്ഷം റിയാലാണ് ചെലവിടുന്നത്. ഓരോ മത്സരത്തിലെയും ഗോൾഡ് മെഡലിസ്റ്റുകൾക്ക് പത്തു ലക്ഷം റിയാലാണ് സമ്മാനം. വെള്ളി മെഡൽ നേടുന്നവർക്ക് മൂന്നു ലക്ഷവും വെങ്കലം നേടുന്നവർക്ക് ഒരു ലക്ഷം റിയാലുമാണ് സമ്മാനം. ഇത്രയും വലിയ തുക സമ്മാനമായി ഈ മേഖലയിൽ നൽകുന്നത് ഇതാദ്യമാണ്.
അത്‌ലറ്റിക്സ്, വോളിബോൾ, ബാസ്‌കറ്റ് ബോൾ, ഹാൻഡ് ബോൾ, ഭാരോദ്വഹനം, ജൂഡോ, ഗുസ്തി, തായ്ക്വോണ്ട, കരാട്ടെ, സ്‌ക്വാഷ്, ജിംനാസ്റ്റിക്സ്, അമ്പെയ്ത്ത്, ബോക്സിംഗ്, ബൗളിംഗ്, നീന്തൽ, തുഴച്ചിൽ, ടേബിൾ ടെന്നിസ്, ബാഡ്മിന്റൺ, ഫെൻസിംഗ്, സ്‌കേറ്റ്ബോർഡിംഗ്, പാഡിൽ ബോർഡ്, ചെസ്, ഒട്ടകയോട്ടം, കുതിരയോട്ടം, ബീച്ച് വോളിബോൾ, സ്പോർട്സ് ക്ലൈംബിംഗ്, സൈക്ലിംഗ്, ഗോൾഫ്, മൊബൈൽ പബ്ജി, ബില്യാർഡ്സ്, ടെന്നിസ്, കാർട്ടിംഗ്, വിൻഡ് സർഫിംഗ്, പാരാഒളിംബിക് ടേബിൾ ടെന്നിസ്, വീൽചെയർ ബാസ്‌കറ്റ് ബോൾ തുടങ്ങി 45 ഇനങ്ങളിലാണ് റിയാദിലെ 20 ഇടങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ താരങ്ങൾ പങ്കെടുക്കുന്നത്. അറബ് ലോകത്തു തന്നെ ഇതാദ്യമായാണ് ഇത്രയും വിപുലമായ ഒരു കായിക മത്സരം. വരുംവർഷങ്ങളിൽ ഇതിലും കൂടുൽ പേരെ പങ്കെടുപ്പിച്ച് അതിവിപുലമായി നടത്തുന്നതിനുള്ള ഒരുക്കം കൂടിയാണ് റിയാദ് മേളയിൽ നടന്നു വരുന്നത്.
വിഷൻ 2030 ഗുണമേന്മയുള്ള ജീവിത ശൈലിയുടെ ഭാഗമായാണ് കായിക മേഖലക്ക് മുമ്പെന്നത്തേക്കാളും പ്രാധാന്യം സൗദി നൽകുന്നത്. രാജ്യം വികസിക്കുന്നതോടൊപ്പം രാജ്യത്തെ പൗരൻമാരുടെ ക്രിയാത്മകതയും കായിക ശേഷിയും വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി 2018 ൽ ആവിഷ്‌കരിച്ച സൗദി സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ (എസ്.എഫ്.എ) സ്‌കൂൾ തലം മുതൽ കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിച്ചു വരികയാണ്. പ്രായ, ലിംഗ ഭേദമെന്യേ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും കായിക താൽപര്യം വർധിപ്പിക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനും എസ്.എഫ്.എ നിരവധി പരിപാടകൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഈ രംഗത്തെ സ്ത്രീകളുടെ സാന്നിധ്യം ദിനംതോറും വർധിച്ചു വരികയാണ്. 2015 ൽ കായിക രംഗത്ത് സ്ത്രീകളുടെ ആഴ്ച തോറുമുള്ള പരിപാടികൾ വെറും എട്ടു ശതമാനം മാത്രമായിരുന്നുവെങ്കിൽ 2019 ൽ അതു 19 ശതമാനമായി ഉയർന്നു. 2030 ൽ അത് 40 ശതമാനമായി ഉയർത്താനാണ് പരിപാടി. അഞ്ചു വർഷം കൊണ്ട് സ്ത്രീകളുടെ കായിക രംഗത്തെ പങ്കാളിത്തം അൻപത് ശതമാനത്തോളമാണ് വർധിച്ചത്. ലോക കായിക ഭൂപടത്തിൽ സ്ഥാനം പിടിച്ച സൗദി വനിതകളായ സാറാ അത്താർ, അൽ ഹസ്‌ന അൽഹമ്മാദ്, ഫാറാ ജെഫ്‌റി, സാറാ അൽജുമ എന്നിവരുടെ പിൻഗാമികളാവുന്നതിന് നിരവധി വനിതകളാണ് കഠിന പ്രയത്‌നം ചെയ്തു വരുന്നത്. രാജ്യത്തെ ഫെഡറേഷനുകളിലായി 2400 ലേറെ വനിത അത്‌ലറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദോഹ ലോക കപ്പിൽ മത്സരത്തിനിറങ്ങുന്ന സൗദി പുരുഷ ഫുട്‌ബോൾ ടീമിനെ പോലെ സൗദി വനിത ഫുട്ബോൾ ടീമും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. 2019 ൽ യു.എൻ ഗ്ലോബൽ വേൾഡ് കപ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി ശ്രദ്ധേയമായ പ്രകടനമാണ് ടീം രൂപീകരിച്ച് ഒരു വർഷത്തിനകം അവർ കാഴ്ചവെച്ചത്. കഴിഞ്ഞ രണ്ടു വർഷമായി സൗദി വിമൻസ് ഫുട്‌ബോൾ ലീഗും നടന്നു വരുന്നു. 2019 ലെ ജി.സി.സി ഗെയിംസിൽ സൗദിയെ പ്രതിനിധീകരിച്ച് 66 വനിതകളാണ് പങ്കെടുത്തത്. എട്ടിനങ്ങളിലായി 11 മെഡലുകൾ ഇവർ നേടി. ഇതേ വർഷം തന്നെ അബുദാബിയിൽ നടന്ന സ്‌പെഷ്യൽ ഒളിംപിക്‌സ് വേൾഡ് ഗെയിംസിൽ പങ്കെടുത്ത 21 വനിതകൾ 29 മെഡലുകൾ കരസ്ഥമാക്കിയിരുന്നു. 2020 ൽ ഷാർജയിൽ നടന്ന അറബ് വിമൻസ് സ്‌പോർട്‌സ് ടൂർണമെന്റിലും സൗദി പ്രതിനിധ്യം കൂടുതലായിരുന്നു.
72 വനിതകൾ ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു. 12 മെഡലുകളും ഇവർ കരസ്ഥമാക്കി. ആദ്യ കാലങ്ങളിൽ ഒളിംപിക്‌സ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പോലും വനിതകൾക്ക് വിലക്കും തടസ്സങ്ങളും നേരിടേണ്ടി വന്നിരുന്നുവെങ്കിലും ഇപ്പോൾ അതെല്ലാം നീങ്ങി, കായിക രംഗത്തേക്ക പരമാവധി വനിതകളെ കൊണ്ടുവരുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇത് സൗദിക്ക് കായിക രംഗത്ത് വൻ കുതിച്ചുചാട്ടത്തനിന് വഴിയൊരുക്കും.






