കര്‍ണാടകയില്‍ കശാപ്പുശാലകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ബംഗളൂരു- കര്‍ണാടകയില്‍ അനധികൃത ഗോവധവുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറവുശാലകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു.
മംഗളൂരു സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമായ സി.മദന മോഹനാണ് അനധികൃത ഗോവധത്തിന്റെ പേരില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.

അഡ്കൂര്‍, ബജല്‍ പകലഡ്ക, ജല്ലിഗുഡ്ഡെ, കട്ടപ്പുണി എന്നിവിടങ്ങളിലെ അറവുശാലകളുടെ നാല് സ്വത്തുക്കള്‍ ഉത്തരവിനെ തുടര്‍ന്ന് കണ്ടുകെട്ടി.

വസ്തുക്കളുടെയും വാഹനങ്ങളുടെയും മൂല്യംനിര്‍ണിച്ച്  ഏകദേശ മൂല്യം കോടതിയില്‍ സമര്‍പ്പിക്കാനും കങ്കനാടി അധികാരപരിധിയിലുള്ള പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വസ്തു രേഖകളില്‍ അറ്റാച്ച്‌മെന്റ് നടപടികള്‍ രേഖപ്പെടുത്താന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. കര്‍ണാടക കശാപ്പ് തടയല്‍, കന്നുകാലി സംരക്ഷണ ബില്‍ പ്രകാരം കേസെടുത്തതിനെ തുടര്‍ന്നാണ് നടപടി.
കങ്കനാടി പോലീസ് സ്‌റ്റേഷനില്‍ അനധികൃത ഗോവധത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഗോവധ വിരുദ്ധ ബില്‍ എന്നറിയപ്പെടുന്ന വിവാദ ബില്‍, ഈയിടെയാണ് ബി.ജെ.പി സര്‍ക്കാര്‍ നിയമമാക്കിയത്. നിയമവിരുദ്ധമായ ഗോവധം നിരോധിക്കുന്നതിനു പുറമെ സംസ്ഥാനത്ത് പശുക്കളെ അനധികൃതമായി കൊണ്ടുപോകുന്നതിനും കശാപ്പുചെയ്യുന്നതിനും കടുത്ത ശിക്ഷയും നിയമത്തില്‍ നിര്‍ദേശിക്കുന്നു.

 

Latest News