ഓസ്‌ട്രേലിയന്‍ പോലീസ് ഇന്ത്യക്കാരനെ അന്വേഷിക്കുന്നു; പിടികൂടാന്‍ സഹായിച്ചാല്‍ 5.23 കോടി ഇനാം

മെല്‍ബണ്‍- ഓസ്‌ട്രേലിയന്‍ വനിതയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ത്യക്കാരനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (5.23 കോടി രൂപ) ഇനാം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡ് പോലീസ്. 2018 ഒക്ടോബറില്‍ കേണ്‍സിന്റെ വടക്ക് 40 കിലോമീറ്റര്‍ മാറിയുള്ള വാങ്കെറ്റി ബീച്ചില്‍ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോര്‍ഡിങ്‌ലെയെ കൊലപ്പെടുത്തിയ കേസിലാണ് രാജ്‌വീന്ദര്‍ സിങ് (38) എന്ന ഇന്ത്യന്‍ നഴ്‌സിനെ അന്വേഷിക്കുന്നത്.

കോര്‍ഡിങ്‌ലെ കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഇന്നിസ്‌ഫെയ്‌ലില്‍ നഴ്‌സ് ആയി ജോലി നോക്കിയിരുന്ന രാജ്‌വീന്ദര്‍ ഭാര്യയെയും മൂന്നു മക്കളെയും ഓസ്‌ട്രേലിയയില്‍ ഉപേക്ഷിച്ച് ജോലി രാജിവെച്ച് രക്ഷപ്പെട്ടിരുന്നു. പ്രതിയെ പിടികൂടുന്നതിന് ക്വീന്‍സ്‌ലന്‍ഡ് പോലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയില്‍ ഏറ്റവും വലിയ തുകയാണ് ഇനാമായി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിലുള്ളവര്‍ക്ക് ക്വീന്‍സ്‌ലന്‍ഡ് പോലീസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും (http://police.qld.gov.au/reporting) വിവരം അറിയിക്കാം. കോര്‍ഡിങ്‌ലെ കൊല്ലപ്പെട്ടതിനു പിറ്റേന്ന് ഒക്ടോബര്‍ 22ന് കേണ്‍സ് വിമാനത്താവളം വഴി രാജ്‌വീന്ദര്‍ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.
ഇയാള്‍ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാള്‍ ഇന്ത്യയില്‍ എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

 

Latest News