ന്യൂദൽഹി- 20 വയസ്സുള്ള യുവതിക്ക് നിയമപരമായി വിവാഹ പ്രായമെത്താത്ത കാമുകനൊപ്പം ഒന്നിച്ചു കഴിയാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മലയാളിയായ തുഷാര എന്ന 20കാരിയേയാണ് കോടതി 21 വയസ്സുതികയാത്ത ഭർത്താവിനൊപ്പം വിട്ടത്. പ്രണയിച്ചു വിവാഹിതരയായ തുഷാരയും നന്ദകുമാർ എന്ന യുവാവും തമ്മിലുള്ള വിവാഹം വരന് പ്രായം തികഞ്ഞിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു.തുടർന്ന് തുഷാരയെ കോടതി രക്ഷിതാക്കൾക്കൊപ്പം വിട്ടതായിരുന്നു.
തന്റെ മകളെ നന്ദകുമാർ തട്ടിക്കൊണ്ടുപോയി എന്നു പരാതിപ്പെട്ടാണ് തുഷാരയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. വെറും 20 വയസ്സുമാത്രമുള്ള നന്ദകുമാർ തന്റെ മകളെ വിവാഹം ചെയ്തത് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും മുതിർന്നവരാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി തുഷാര-നന്ദകുമാർ ദമ്പതികളുടെ ബന്ധം തുടരുന്നതിൽ തടസ്സങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കി.
മുതിർന്ന സ്ത്രീകൾക്ക് വിവാഹ പ്രായമെത്താത്ത കാമുകനൊപ്പം കഴിയാമെന്നും ഈ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി. വിവാഹ ബന്ധത്തിലേർപ്പെടാനുള്ള പ്രായമെത്തിയിട്ടില്ലായിരുന്നുവെങ്കിലും വിവാഹം കഴിക്കാതെ തന്നെ ഇരുവർക്കും ഒന്നിച്ചു കഴിയാനുള്ള അവകാശമുണ്ടെന്നാണ് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്. ഒന്നിച്ചു കഴിയുന്നതിന് നിയമപരമായ പിന്തുണയും സംരക്ഷണവുമുണ്ടെന്നും കോടതി പറഞ്ഞു. പക്വത കൈവരിച്ചവരുടെ കാര്യത്തിൽ കോടതികൾക്ക് രക്ഷിതാക്കളുടെ ചുമതല ഏറ്റെടുത്ത് വിധി പറയാനാവില്ലെന്നും ഹാദിയ കേസ് വിധി പരാമർശിച്ച് ബെഞ്ച് വ്യക്തമാക്കി.