കുടുംബപ്രശ്‌നത്തിൽ പരിഹാരം തേടി സ്‌റ്റേഷനിലെത്തിയ യുവതിയുമായി കറക്കം; എസ്.ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട് / കണ്ണൂർ - കുടുംബപ്രശ്‌നത്തിൽ പരിഹാരം തേടി പോലീസ് സ്‌റ്റേഷനിലെത്തിയ യുവതിയുമായി കറങ്ങിയ എസ്.ഐക്ക് സസ്‌പെൻഷൻ. കൽപ്പറ്റ എസ്.ഐ അബ്ദുസ്സമദിനെതിനെയാണ് അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനും ഡി.ഐ.ജി രാഹുൽ ആർ നായർ സസ്‌പെൻഡ് ചെയ്തത്. വകുപ്പു തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കുടുംബം കലക്കാൻ ശ്രമിക്കുന്നുവെന്ന യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് നടപടി. 
 കുടുംബപ്രശ്‌നത്തിൽ മാന്യമായ ഇടപെടലിലൂടെ പരിഹാരമുണ്ടാക്കാനായാണ് പരാതിക്കാരന്റെ ഭാര്യ പോലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നത്. ആ സമയത്ത് എടച്ചേരി എസ്.ഐ ആയിരുന്നു അബ്ദുസ്സമദ്. യുവതിയുടെ പാരാതിയും പരിഭവങ്ങളുമെല്ലാം ശാന്തമായി കേട്ട് എസ്.ഐ, യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. പിന്നീട് യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടുപോയതായും ചിത്രങ്ങൾ പകർത്തി വീട് വിട്ട് ഇറങ്ങാൻ പ്രേരിപ്പിച്ചതായും പറയുന്നു. സംഭവം ചോദ്യം ചെയ്ത യുവതിയുടെ ഭർത്താവിനെ എസ്.ഐ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ യുവതിയെ, ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് തനിക്കൊപ്പം വരാൻ എസ്‌ഐ പ്രേരിപ്പിച്ചതായും ആരോപണമുണ്ട്
 ഇത് ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏൽപിച്ചെന്ന് കാട്ടി ഭർത്താവ് റൂറൽ എസ്.പിക്ക് പരാതി നല്കിയിരുന്നു. തുടർന്ന് അന്വേഷണ വിധേയമായി അബ്ദുസ്സമദിനെ കൽപ്പറ്റയിലേക്ക് സ്ഥലം മാറ്റി. ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നല്കുകയായിരുന്നു. ശേഷം ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തെ തുടർന്നാണ് സസ്‌പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മിഷനും പരാതി നല്കിയട്ടുണ്ട്.

Latest News