ന്യൂദല്‍ഹി- ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തില്‍ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും കൊലപ്പെടുത്തിയ യുവാവിനും കാമുകിക്കുമായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കി. കൂട്ടുപ്രതികളായ രണ്ടുപേര്‍ അറസ്റ്റിലായി. കിഴക്കന്‍ ഡല്‍ഹിയിലെ അശോക് നഗറില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന ശാലു അഹൂജ (35), ഭര്‍ത്താവും വസ്ത്ര വ്യാപാരിയുമായ സമീര്‍ അഹൂജ (38,) വേലക്കാരി സ്വപ്ന (33) എന്നിവരാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടിന് കൊല്ലപ്പെട്ടത്. വീട്ടിലെ പുതപ്പില്‍ കിടന്നുറങ്ങിയ മൂന്നു വയസുകാരി പ്രതികളുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെട്ടു.
പോലീസിന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതികളുടെ കൂട്ടാളികളായ സച്ചിന്‍ (19), സുജിത് (21) എന്നിവര്‍ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ശാലുവിന്റെ ബ്യൂട്ടിപാര്‍ലറിന്റെ മുന്‍ ജീവനക്കാരായ യുവാവിന്റെയും യുവതിയുടെയും പങ്ക് വ്യക്തമായത്. ഇവരുടെ പ്രണയബന്ധം എതിര്‍ത്ത ശാലുവും സമീറും ജോലിയില്‍ അശ്രദ്ധ കാട്ടിയെന്നാരോപിച്ച് കഴിഞ്ഞാഴ്ചയാണ് ഇരുവരെയും പിരിച്ചുവിട്ടത്. ഇതേത്തുടര്‍ന്നാണ് കൊലപാതകം നടത്തിയത്. രാവിലെ ഒമ്പതിന് സമീറിന്റെ ഡ്രൈവറാണ് മൂന്നു നില വസതിക്ക് താഴെയുള്ള ബ്യൂട്ടിപാര്‍ലറില്‍ ശാലുവും സ്വപ്നയും മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ സമീറിനെ തല അടിച്ചു തകര്‍ത്ത നിലയിലും കണ്ടെത്തി. പോലീസ് നടത്തിയ പരിശോധനയില്‍ രാവിലെ എട്ടിന് ആറുപേര്‍ വീട്ടിലെത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.
കൊലപാതകം ആസൂത്രണം ചെയ്തശേഷം ശമ്പളക്കുടിശ്ശിക വാങ്ങാനെന്ന പേരിലാണ് ദമ്പതികളുടെ വീട്ടിലെത്തിയത്. സമീറിനെ ഫ്രയിംഗ് പാന്‍കൊണ്ടടിച്ചും ശാലുവിനെയും സ്വപ്നയും കുത്തിയുമാണ് കൊന്നത്. സംഭവശേഷം ശാലുവിന്റെ ഐഫോണ്‍, ലാപ്‌ടോപ്, പണം തുടങ്ങിയവയും പ്രതികള്‍ മോഷ്ടിച്ചു.