എഴുത്തുകാരന്‍ ടി.പി രാജീവന്‍ അന്തരിച്ചു


കോഴിക്കോട്- പ്രശസ്ത കവിയും നോവലിസ്റ്റുമായ ടി.പി രാജീവന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാലിക്കറ്റ് സര്‍വകലാശാല മുന്‍ പി.ആര്‍.ഒ ആണ്. പാലേരിമാണിക്യം അടക്കം നിരവധി നോവലുകളുടെ കര്‍ത്താവാണ്.
മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവന്‍ മലയാള കാവ്യഭാഷക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയ കവിയാണ്. ആധുനികതയുടെ വിച്ഛേദം സമര്‍ത്ഥമായി പ്രകടിപ്പിച്ച കവി. പിന്നീട് വന്ന പുതുകവികള്‍ക്ക് അത് വലിയ പ്രചോദനമായി. മലയാളത്തിലെ ആഗോളകവിതയെ കണ്ടെത്തി അവതരിപ്പിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചു.
മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് ടി.പി. രാജീവന്‍. തച്ചം പൊയില്‍ രാജീവന്‍ 1959 ല്‍ കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ ജനിച്ചു. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛന്റെ നാടായ പാലേരിയിലുമായിരുന്നു ബാല്യം.അച്ഛന്റെ നാടായ പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ആദ്യ നോവല്‍ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവല്‍ ആയിരുന്നു കെ.ടി.എന്‍ കോട്ടൂര്‍ എന്ന നോവല്‍.
ഇംഗ്ലീഷ് സാഹിത്യത്തില്‍ ഒറ്റപ്പാലം എന്‍.എസ്.എസ്.കോളേജില്‍നിന്ന് എം.എ. ബിരുദം നേടി. കുറച്ചുകാലം ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസറായി വിരമിച്ചു.

ഉത്തരാധുനികതയുടെ സര്‍വകലാശാലാ പരിസരം എന്ന ലേഖനവും കുറുക്കന്‍ എന്ന കവിതയും ടി. പി.രാജീവനെ കാലിക്കറ്റ് സര്‍വകലാശാലയിലെ സി.പി.എം അനുകൂല സര്‍വീസ് സംഘടനക്കും വൈസ് ചാന്‍സലറായിരുന്ന കെ.കെ.എന്‍. കുറുപ്പിനും അനഭിമതനാക്കി. ഇതിന്റെ പേരില്‍ തന്നെ തരംതാഴ്ത്താനും ശിക്ഷിക്കുവാനും ശ്രമങ്ങളുണ്ടായെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വിദ്യാര്‍ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. യുവകവികള്‍ക്ക് നല്കുന്ന വി.ടി. കുമാരന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
വാതില്‍, രാഷ്ട്രതന്ത്രം,കോരിത്തരിച്ച നാള്‍, വയല്‍ക്കരെ, ഇപ്പോഴില്ലാത്ത പ്രണയശതകം, പുറപ്പെട്ടു പോകുന്ന വാക്ക്, അതേ ആകാശം അതേ ഭൂമി തുടങ്ങിയവയാണ് മറ്റ് കൃതികള്‍.
കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

 

 

Latest News