തിരുവനന്തപുരം - പോലിസ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ഇൻസ്പെക്ടർ ബ്രിട്ടോയും എസ്.ഐ അനിൽകുമാറും തമ്മിലാണ് പരസ്പരം ഏറ്റുമുട്ടിയത്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് ലീവ് അനുവദിക്കാഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിച്ചത്.
നെയ്യാറ്റിങ്കര സ്വദേശിയായ കെ.എ.പി ബറ്റാലിയനിലെ ഒരു ഉദ്യോഗസ്ഥന്റെ വീടിന്റെ പാലുകാച്ചലായിരുന്നു കഴിഞ്ഞ ദിവസം. ഇതുമായി ബന്ധപ്പെട്ട അവധിയാണ് പ്രശ്നത്തിലേക്ക് വഴിവെച്ചത്. അവധി ചോദിച്ചെങ്കിലും നൽകിയില്ല. നിരവധി തവണ ആവശ്യപ്പെട്ടപ്പോൾ രണ്ടുമണിക്കൂർ സമയം അനുവദിച്ചുവത്രെ. വീട്ടിലെത്തുമ്പോഴേക്കും പാല് കാച്ചൽ കഴിഞ്ഞിരുന്നു. ഇത് അംഗങ്ങൾക്കിടയിൽ ചർച്ചയാവുകയും വിമർശങ്ങളുയരുകയുമുണ്ടായി.
ലീവ് നൽകേണ്ടിയിരുന്നത് ആംഡ് പോലീസ് ഇൻസ്പെക്ടർ ബ്രിട്ടോയാണ്. എന്നാൽ ഇദ്ദേഹം ലീവ് നൽകിയില്ലെന്ന് മാത്രമല്ല ലീവ് നൽകാത്തത് എസ്ഐ അനിൽകുമാറാണെന്ന് തെറ്റായ സന്ദേശം പകർന്നുവത്രെ. ഇതറിഞ്ഞ് അനിൽകുമാറും ബ്രിട്ടോയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കയ്യാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. രണ്ടുപേരെയും കമാൻഡന്റ് വിളിച്ചു വരുത്തി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത നടപടി ഉണ്ടായതിനും ലീവിൽ സ്വീകരിച്ച നടപടിക്രമങ്ങളിലെ വീഴ്ചകളും പരിശോധിച്ച ശേഷം നടപടി ഉണ്ടായേക്കും.






