കേരളത്തില്‍ വിവാദങ്ങളുണ്ടാക്കിയ യതീഷ് ചന്ദ്ര ബംഗളൂരു പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍

ബംഗളുരു- കേരളത്തില്‍ ഓഫീസറായിരുന്നപ്പോള്‍ നിരവധി വിവാദങ്ങളില്‍ പെട്ട യതീഷ് ചന്ദ്ര ഐ.പി.എസ് ബംഗളൂരു സിറ്റി പോലീസില്‍ ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു. ഇക്കാര്യം യതീഷ് ചന്ദ്ര തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. കേരള കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്ന യതീഷ് ചന്ദ്ര 2021 ല്‍ കര്‍ണാടകത്തിലേക്ക് മാറുകയായിരുന്നു. കെ.എ.പി നാലാം ബറ്റാലിയന്‍ മേധാവിയായിരിക്കെയാണ് യതീഷ് ചന്ദ്ര കര്‍ണാടകത്തിലേക്ക് മാറിയത്. സ്ഥലംമാറ്റം ആവശ്യപ്പെട്ട് യതീഷ് ചന്ദ്ര നല്‍കിയ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
കേരളത്തില്‍ സര്‍വീസില്‍ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളില്‍ യതീഷ് ചന്ദ്ര ഉള്‍പ്പെട്ടിരുന്നു. കോവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വിവാദമായിരുന്നു. നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും മനുഷ്യാവകാശ കമ്മീഷനോട് കേരള പോലീസ് ക്ഷമാപണം നടത്തിയിരുന്നു. 2020 മാര്‍ച്ച് 22നാണ് വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ഏത്തമിടീച്ചത്.
പുതുവൈപ്പിനില്‍ സമരക്കാര്‍ക്കെതിരെ ലാത്തിചാര്‍ജ് നടത്തിയതും വിവാദമായിരുന്നു. ലാത്തിചാര്‍ജില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ അലന്‍ എന്ന കുട്ടി ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.
അതിന് മുമ്പ് 2015ല്‍ യു.ഡി.എഫ് ഭരണകാലത്ത് ഇടതുപക്ഷത്തിന്റെ ഉപരോധസമരത്തില്‍ നടത്തിയ ലാത്തിചാര്‍ജും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അന്ന് ഭ്രാന്തന്‍ നായയെന്നാണ് വി.എസ് അച്യുതാനന്ദന്‍, യതീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്. പിന്നീട് ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കൊച്ചി ഡി.സി.പിയായി യതീഷ് ചന്ദ്രയെ നിയമിക്കുകയും ചെയ്തു.
കര്‍ണാടകയിലെ ദേവാംഗരി ജില്ലയാണ് സ്വദേശം. ഹൈദരാബാദ് വല്ലഭായി പട്ടേല്‍ പോലീസ് അക്കാദമിയില്‍ ഐ.പി.എസ് ട്രെയിനിംഗ് കഴിഞ്ഞിറങ്ങിയതാണ് യതീഷ്ചന്ദ്ര.

 

Latest News