Sorry, you need to enable JavaScript to visit this website.

സൗദിയിൽനിന്ന് ഹജിന് പോകുന്നവരറിയാൻ, ഒരുങ്ങാൻ സമയമായി

മക്ക - ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ വിശദാംശങ്ങൾ ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ദുൽഖഅ്ദ ഒന്നു (ജൂലൈ 14) മുതൽ ദുൽഹജ് ഏഴു വരെയാണ് ഫൈനൽ രജിസ്‌ട്രേഷൻ സൗകര്യമുണ്ടാവുക. എന്നാൽ ഇതിനു മുമ്പായി ഹജ് സർവീസ് കമ്പനികളിലും സ്ഥാപനങ്ങളിലും പ്രാഥമിക രജിസ്‌ട്രേഷൻ നടത്തുന്നതിനും അനുയോജ്യമായ നിരക്കും സേവനങ്ങളുമുള്ള പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകും. 
റമദാൻ 15 (മെയ് 30) മുതൽ ശവ്വാൽ അവസാനം (ജൂലൈ 13) വരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ ഹജ് പാക്കേജുകളെയും സേവനങ്ങളെയും കുറിച്ച് വിശദമായി അറിയുന്നതിനും ഹജ് രജിസ്‌ട്രേഷനുള്ള ഓൺലൈൻ സേവനമായ ഇ-ട്രാക്കിൽ പ്രവേശിച്ച് ലൈസൻസുള്ള മുഴുവൻ ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും നൽകുന്ന പാക്കേജുകൾ പരിശോധിക്കുന്നതിനും തീർഥാടകർക്ക് സാധിക്കും. അനുയോജ്യമായ പാക്കേജുകൾ പ്രാഥമികമായി തെരഞ്ഞെടുക്കുന്നതിനും ഇഷ്ടപ്പെട്ട പാക്കേജുകളുടെ ഷോർട്ട് ലിസ്റ്റ് തയാറാക്കുന്നതിനും ഹജിന് ഒപ്പം അനുഗമിക്കുന്ന ആശ്രിതരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ഈ ഘട്ടത്തിൽ തീർഥാടകർക്കാകും. ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഹജ്, ഉംറ മന്ത്രാലയം ഒരുക്കുന്നത്. ഈ ഘട്ടത്തിൽ ഇഷ്ട ലിസ്റ്റിൽ ആവശ്യാനുസരണം തിരുത്തലുകൾ വരുത്തുന്നതിനും സാധിക്കും. 
ബുക്കിംഗ്, രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള രണ്ടാമത്തെ ഘട്ടം ദുൽഖഅ്ദ ഒന്നു (ജൂലൈ 14) മുതൽ ദുൽഹജ് ഏഴു (ഓഗസ്റ്റ് 18) വരെ നീണ്ടുനിൽക്കും. ഈ ഘട്ടത്തിൽ വീണ്ടും ഇ-ട്രാക്കിൽ പ്രവേശിച്ച് നേരത്തെ തയാറാക്കിയ ഇഷ്ട ലിസ്റ്റ് പരിശോധിച്ച് ലഭ്യമായ പാക്കേജുകൾ തെരഞ്ഞെടുത്ത് തുടർ നടപടികൾ പൂർത്തിയാക്കണം. ഹജ്, ഉംറ മന്ത്രാലയത്തിന്റെ ലൈസൻസുള്ള ഹജ് സർവീസ് കമ്പനികളിലും സ്ഥാപനങ്ങളിലുമാണ് രജിസ്റ്റർ ചെയ്യുന്നത് എന്ന് ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. മുഴുവൻ പാക്കേജുകളിലും രജിസ്റ്റർ ചെയ്യുന്നതിനും ഹജ് സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെക്കുന്നതിനുമുള്ള ഏക സംവിധാനം ഇ-ട്രാക്ക് ആണ്. തെരഞ്ഞെടുക്കുന്ന പാക്കേജുകൾക്കുള്ള പണം ഓൺലൈൻ സംവിധാനങ്ങൾ വഴി അടയ്ക്കുന്നത് മന്ത്രാലയത്തിന്റെ ലൈസൻസുള്ള ഹജ് സർവീസ് സ്ഥാപനവുമായി കരാർ ഒപ്പുവെക്കുന്നതിനുള്ള സുരക്ഷിതമായ മാർഗം ഒരുക്കും. ഇ-ട്രാക്കിൽ ഒപ്പുവെക്കുന്ന കരാർ പ്രകാരമുള്ള തുകയേക്കാൾ കൂടുതൽ അടയ്ക്കുന്നതും അംഗീകൃത പെയ്‌മെന്റ് സംവിധാനത്തിനു പുറത്ത് പണം അടയ്ക്കുന്നതും നിർദേശങ്ങൾക്ക് വിരുദ്ധമാണ്. ഈ വർഷം ഹജ് നിർവഹിക്കുന്നതിന് ആഗ്രഹിക്കുന്നവർ വളരെ നേരത്തെ തന്നെ ബുക്കിംഗ് നടപടികൾ പൂർത്തിയാക്കണം. ഹജ് കർമം ഏറ്റവും ഭംഗിയായ നിലക്ക് നിർവഹിക്കുന്നതിന് തീർഥാടകരെ സഹായിക്കുന്ന കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 

Latest News