നോട്ട് റദ്ദാക്കലിൽ സുപ്രീം കോടതി ഇടപെടുമ്പോൾ

ഇന്ത്യയിൽ നോട്ട് റദ്ദാക്കിയിട്ട് ആറ് വർഷമാവുന്നു. ഇതിന്റെ ആഘാതത്തിൽ നിന്ന് സമ്പദ്ഘടന ഇനിയും രക്ഷപ്പെട്ടിട്ടില്ല. അതിന് പുറമേയാണ് കള്ളനോട്ടിന്റെ അതിപ്രസരം. ഗുജറാത്തിലെ സൂറത്തിൽ ആംബുലൻസിൽ നിന്ന് 317 കോടി പിടികൂടിയത് ഒറ്റപ്പെട്ട സംഭവമല്ല. ആറ് പെട്ടികളിൽ ഒതുക്കിവെച്ച നിലയിലായിരുന്നു ഇത്. ഈ സംഭവത്തിന്റെ അഞ്ചു ദിവസം മുമ്പാണ് ഗുജറാത്തിലെ മറ്റൊരു നഗരത്തിൽ നിന്ന് 25 കോടിയുടെ വ്യാജ നോട്ട് കണ്ടെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെടുന്ന കള്ളനോട്ടിൽ 10.7 ശതമാനത്തിന്റെ വർധന ഈ വർഷമുണ്ടായി. അടുത്തിടെ തെലങ്കാനയിൽ എം.എൽ.എമാാരെ വാങ്ങാനെത്തിയവരുടെ പക്കലുമുണ്ടായിരുന്നു നൂറ് കോടിയുടെ നോട്ടുകൾ. പ്രചാരത്തിലുള്ള കള്ളനോട്ടുകളിൽ 2000 ന്റേതിൽ 55 ശതമാനം വർധനയെന്നാണ് ആർ.ബി.ഐ പറയുന്നത്. അഞ്ഞൂറിന്റേത് 102 ശമാനവും കൂടി. ബാങ്കുകളുടെ ശാഖകളിൽ കള്ളനോട്ടുകളിൽ 93 ശതമാനവും ആർബിഐ ഏഴ് ശതമാനവുമാണ് തിരിച്ചറിഞ്ഞത്. ഇപ്പോൾ പ്രചാരത്തിലുള്ള ഏറ്റവും കൂടിയ കറൻസിയായ 500 എളുപ്പം ഒട്ടിച്ചു ചേർത്തതിനെ കുറിച്ചും കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. 
നോട്ട് നിരോധത്തിന്റെ ലക്ഷ്യം കള്ളപ്പണം ഇല്ലാതാക്കുകയാണെന്ന വാദം പരാജയപ്പെട്ടപ്പോൾ നോട്ട് നിരോധനം ഇന്ത്യയെ നോട്ട് രഹിത സാമ്പത്തിക സമൂഹമാക്കുമെന്നായിരുന്നു  സർക്കാർ വാദം. റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം ഡിജിറ്റൽ പണമിടപാട് ആദ്യം ഉയർന്നെങ്കിലും പിന്നീട് അത് താഴ്ന്ന നിലയിലെത്തി.  നോട്ട് നിരോധനത്തിന് ശേഷം മാസം തോറും ഡിജിറ്റൽ പണമിടപാടിന്റെ തോത് കുറഞ്ഞു വരികയായിരുന്നു. 
സമാന്തര സമ്പദ്ഘടന രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് എന്നും വെല്ലുവിളിയായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് ധീരമായ ഇടപെടലുകൾ അപൂർവ സന്ദർഭങ്ങളിലുണ്ടായിട്ടുണ്ട്. നികുതി വെട്ടിപ്പ് നടത്തി സമാഹരിക്കുന്നതാണ് കള്ളപ്പണം. കോടികളുടെ കള്ളപ്പണം വിദേശത്തുണ്ടെന്നും  അത് തിരികെ കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയതാണ് ബി.ജെ.പി സർക്കാർ.
അടിയന്തരാവസ്ഥക്ക് ശേഷം 1977 ൽ അധികാരത്തിലേറിയ മൊറാർജി ദേശായി സർക്കാരിന്റെ കാഴ്ചപ്പാട് വലതുപക്ഷ താൽപര്യങ്ങളുടേതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഈ കാലയളവിലാണ് ഇന്ത്യയിൽ ആദ്യമായി കറൻസി റദ്ദാക്കൽ പരിഷ്‌കരണം നടപ്പാക്കുന്നത്. പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് അന്ന് മൊറാർജി സർക്കാർ  പിൻവലിച്ചത്.
ആറ് വർഷം മുമ്പ് നവംബർ എട്ടിന് രാത്രി പ്രധാനമന്ത്രി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചത്. ഉയർന്ന മൂല്യമുള്ള രണ്ട്  കറൻസി റദ്ദാക്കിയപ്പോൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളിൽ എൺപത്തിയാറ് ശതമാനത്തോളം അസാധുവായി മാറി. ഇന്ത്യയിലെ ബാങ്ക് ശാഖകൾക്കും എ.ടി.എമ്മുകൾക്കും മുമ്പിൽ ജനങ്ങൾ നോട്ടിനായി ക്യൂ നിന്നു. വർഷങ്ങൾ  കഴിഞ്ഞിട്ടും  പ്രതിസന്ധി തീർന്നതുമില്ല. 
വൈകിയാണെങ്കിലും ഇക്കാര്യത്തിൽ സുപ്രീം കോടതി ഇടപെട്ടിരിക്കുകയാണ്. 2016 ൽ നോട്ട് റദ്ദാക്കിയതിനെ കുറിച്ച് ഈ മാസം 9 നകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെട്ടിട്ടുള്ളത്. റിസർവ് ബാങ്ക് നിയമത്തിന്റെ 26 ാം വകുപ്പ് പ്രകാരം കേന്ദ്ര സർക്കാരിന് ഇങ്ങനെ നോട്ട് റദ്ദാക്കാൻ അധികാരമുണ്ടോയെന്നാണ് സുപ്രീം കോടതി പരിശോധിച്ചു വരുന്നത്. ജസ്റ്റിസുമാരായ എസ്.എ. സമീർ, ബി.ആർ. ഗവാബ്രി, എ.എസ്. ബൊപ്പണ്ണ, വി. സുബ്രഹ്മണ്യൻ, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തോട് വിശദീകരണം സമർപ്പിക്കാനാവശ്യപ്പെട്ടത്. ഇതെല്ലാം ആറു വർഷം മുമ്പ് നടന്ന കാര്യങ്ങളാണെന്നും ഇപ്പോൾ അപ്രസക്തമാണെന്നും സർക്കാർ പക്ഷത്തിന് വേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി പറഞ്ഞു.  1978 ൽ പാർലമെന്റ് നിയമം ഭേദഗതി ചെയ്താണ് സാവകാശം നോട്ട് റദ്ദാക്കൽ നടപ്പാക്കിയതെന്നും മോഡിക്കാലത്തേത് ധിറുതി പിടിച്ചാണെന്നും മുൻ ധനമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി. ചിദംബരം വിശദീകരിച്ചു. നിയമത്തിന്റെ ദുരുപയോഗത്തിന് സാധ്യത എല്ലാ കാലത്തും ആളുകളെ ആശങ്കാകുലരാക്കുന്നു. ഇതേ മണ്ടത്തരം ആവർത്തിക്കാനുള്ള സാധ്യതയേറെയുമാണ്. 2016 നവംബർ ഏഴിനാണ് കൂടിയ ഡിനോമിനേഷനിലെ നോട്ടുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്കിന് കേന്ദ്രത്തിന്റെ കത്ത് കിട്ടുന്നത്. തൊട്ടടുത്ത ദിവസം രാവിലെ ദൽഹിയിൽ ആർ.ബി.ഐ ഡയരക്ടർ ബോർഡ് യോഗം ചേരുന്നു. ഒട്ടും വൈകാതെ 1000, 500 നോട്ടുകൾ റദ്ദാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നു. 
രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത് നോട്ട് റദ്ദാക്കിയ കാര്യം അറിയിക്കുന്നു.  കോടിക്കണക്കിനാളുകളുടെ ജീവിതത്തെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രം തീരുമാനമെടുത്ത് പ്രഖ്യാപിച്ചത് വെറും 24 മണിക്കൂറിനുള്ളിൽ -ചിദംബരം സുപ്രീം കോടതിയിൽ വിശദീകരിച്ചു. നോട്ടുകൾ മാറിയെടുക്കാൻ 11 കോടി ജനങ്ങളാണ് രാജ്യത്തുടനീളം ബാങ്ക് ശാഖകൾക്ക് മുമ്പിൽ ക്യൂ നിന്നത്. നിരവധി പേർ കുഴഞ്ഞു വീണ് മരിക്കുകയുണ്ടായി. ജില്ല സഹകരണ ബാങ്കുകളിൽ പോലും നോട്ട് മാറാൻ സൗകര്യമേർപ്പെടുത്തിയതുമില്ല. എല്ലാറ്റിനും പരിഹാരമായി അവതരിച്ച രണ്ടായിരത്തിന്റെ പുതിയ നോട്ട് തുടക്കത്തിൽ എ.ടി.എമ്മുകളിൽ നിക്ഷേപിക്കാൻ കഴിഞ്ഞതുമില്ല. ഇതേ രണ്ടായിരം നോട്ടുകളാണ് ഇപ്പോൾ വ്യാജ നോട്ട് നിർമാതാക്കളുടെ പ്രിയപ്പെട്ട കറൻസി. നോട്ട് റദ്ദാക്കലിന്റെ ഏക ഗുണമായി പറയുന്നത് നികുതി സമാഹരണത്തിൽ 25 ശതമാനം വർധനയുണ്ടായെന്നാണ്. ഇതിനായിരുന്നുവോ ഈ കണ്ട സാഹസികതയെല്ലാം? 

Latest News