കൊച്ചി- പോലീസ് വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. താന്‍ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഞാറയ്ക്കല്‍ പോലീസ് തിരച്ചില്‍ നടത്തിയെന്നാണ് പരാതി. വീട്ടില്‍ നിന്ന് 10 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കൊലക്കേസ് പ്രതിയെ തേടിയാണ് വീട്ടില്‍ കയറിയതെന്നാണ് പോലീസ് പറയുന്നത്. ഫാന്‍ കറങ്ങുന്നതും വീടിനുള്ളില്‍ ലൈറ്റ് കത്തുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ കീഴ്‌പ്പെടുത്താനാണ് വീട്ടില്‍ കയറിയതെന്ന് പോലീസിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, വീട് കുത്തിതുറക്കുമ്പോള്‍ സ്വാഭാവികമായി പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പോലീസ് പാലിച്ചില്ലെന്ന് സീന പരാതിപ്പെട്ടു.
തിങ്കളാഴ്ച രാവിലെയാണ് പോലീസ് സംഘം സീനയുടെ വീട്ടിലെത്തിയത്. ആ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. സീനയും മകളും ജോലി ആവശ്യങ്ങള്‍ക്കായി ദല്‍ഹിയിലാണ്. വീടിന്റെ മേല്‍നോട്ടത്തിനായി സമീപത്തുള്ള ഒരു സ്ത്രീയെ നിയോഗിച്ചിരുന്നു. ജിഷ്ണു എന്നയാള്‍ക്ക് കുറച്ചുകാലമായി വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ജിഷ്ണുവിനൊപ്പം മൂന്നുപേരും താമസിച്ചിരുന്നു. ഇവരില്‍ ഒരാളെ തേടിയാണ് പോലീസ് എത്തിയതെന്നാണ് വിവരം. കഴിഞ്ഞ മാസം അവസാനത്തോടെ വീട് ഒഴിയുമെന്ന് ഇവര്‍ അറിയിച്ചതായും സൂചനയുണ്ട്.






