ദമ്പതിമാരേയും വേലക്കാരിയേയും കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

ന്യൂദല്‍ഹി-ദല്‍ഹിയില്‍ ദമ്പതികളെയും വീട്ടുജോലിക്കാരിയെയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദല്‍ഹി അശോക് വിഹാറില്‍ താമസിക്കുന്ന സമീര്‍ അഹൂജ, ഭാര്യ ശാലു, ജോലിക്കാരി സ്വപ്‌ന എന്നിവരെയാണ് സമീറിന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാവിലെ വീട്ടിലെത്തിയ സംഘമാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അതേസമയം, ദമ്പതിമാരുടെ രണ്ട് വയസ്സുള്ള മകളെ വീട്ടില്‍ സുരക്ഷിതമായ നിലയില്‍ കണ്ടെത്തിയതായും പോലീസ് പറഞ്ഞു. കൊലയാളികള്‍ക്ക് കണ്ടെത്താന്‍ സാധിക്കാതിരുന്നതിനാല്‍ മാത്രമാണ് കുഞ്ഞ് രക്ഷപെട്ടതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രാവിലെ 7.30ഓടെയാണ് ജോലിക്കാരിയായ സ്വപ്‌ന വീട്ടിലെത്തിയത്. ഇതിന് പിന്നാലെയാണ് അഞ്ചംഗ സംഘം വീട്ടിലെത്തിയത്. എട്ട് മണിയോടെ അഞ്ചംഗ സംഘം രണ്ട് ബൈക്കുകളിലായി എത്തുന്നതിന്റെയും ഒമ്പത് മണിയോടെ ധൃതിയില്‍ മടങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചിന്‍(19), സുജിത് (21) എന്നീ യുവാക്കളാണ്  പിടിയിലായത്. ശാലു അഹൂജ നടത്തിയിരുന്ന ബ്യൂട്ടിപാര്‍ലറിലെ മുന്‍ ജീവനക്കാരനാണ് കൊലപാതകത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം മോശം പെരുമാറ്റത്തിന്റെ പേരില്‍ ഇയാളെയും പെണ്‍സുഹൃത്തിനെയും ശാലു അഹൂജ പുറത്താക്കിയിരുന്നു. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

 

Latest News