ആളില്ലാ സമയത്ത് പോലീസ് വീട് കുത്തിത്തുറന്നു; പരാതിയുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന

കൊച്ചി -  പോലീസിനെതിരെ  പരാതിയുമായി അന്തരിച്ച സി.പി.എം നേതാവും മുൻ എം.എൽ.യുമായ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. താനില്ലാത്ത സമയത്ത് വീട് പോലീസ് കുത്തിത്തുറന്നുവെന്നാണ് പരാതി. കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കാണ് ഇവർ പരാതി നൽകിയത്.  
 ഞാറയ്ക്കൽ പൊലീസിൽ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പോലീസ് വീട് കുത്തിത്തുറന്നുവെന്നാണ് സമീപവാസിയുടെ കൂടെ ഇവർ നൽകിയ പരാതിയിലുള്ളത്. വീട്ടിനകത്ത് സൂക്ഷിച്ച മകളുടെ പത്ത് പവനോളം സ്വർണാഭരണങ്ങളും  ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങളിൽ ചിലതും പിന്നാലെ കാണാതായെന്നും പരാതിയിലുണ്ട്. എറണാകുളം വടുതലയിലാണ് വീട്ടുടമയെയോ നടപടിക്രമങ്ങളോ പാലിക്കാതെ പോലീസ് സംഘം വീട് കുത്തിത്തുറന്നത്. 
 കുത്തുകേസിലെ പ്രതി ഒളിവിലിരിക്കുന്നുവെന്ന പേരിലാണ് പോലീസ് സംഘം എത്തിയത്. പോലീസ് ചില സാമൂഹ്യദ്രോഹികളുടെ സഹായത്തോടെയാണ് വീട് കുത്തിപ്പൊളിച്ചതെന്നും സീന ആരോപിച്ചു. 
  മകളുടെ പഠനാവശ്യത്തിനായി ദൽഹിയിലാണ് സീന താമസിക്കുന്നത്. സീനയെ അറിയിക്കാതെയാണ് പോലീസ് എത്തിയത്. അടുത്ത് താമസിക്കുന്ന ബന്ധുക്കളോടും പോലീസ് വിവരം പറഞ്ഞില്ല. ഒരു മാസം മുമ്പ് വീട് വാടകയ്ക്ക് നൽകിയിരുന്നതാണെന്നും പരാതിയിലുണ്ട്. തിങ്കളാഴ്ച പുലർച്ചെയാണ് പോലീസ് ഈ വീട്ടിലെത്തി വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്നത്. വീട് വാടകയ്ക്ക് കൊടുത്തെങ്കിലും ആഭരണങ്ങളും മറ്റും വീട്ടിൽ തന്നെയാണ് സൂക്ഷിച്ചതെന്ന് സീന പറഞ്ഞു.
 ലിപിൻ ജോസഫ് എന്ന, കൊച്ചിയിലെ ഗുണ്ടാ തലവനായ ഭായ് നസീറിന്റെ സംഘത്തിൽ പെട്ടയാളെ ആയുധം കൈവശംവെച്ച സംഭവത്തിൽ പോലീസ് തിരഞ്ഞിരുന്നു. ടവർ ലൊക്കേഷൻ പ്രകാരം വടുതലയിലെ വീട്ടിലാണ് പ്രതി ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇതനുസരിച്ചാണ് വീട്ടിലെത്തിയത്. ആലപ്പുഴ സ്വദേശിയായ വിഷ്ണുവിനാണ് സീന വീട് വാടകയ്ക്ക് നൽകിയിരിക്കുന്നത്. എസ്എഫ്‌ഐ പ്രവർത്തകനായ ഇയാൾ നേരത്തെ ചില കേസുകളിൽ പ്രതിയാണെന്ന സംശയമുണ്ട്. ലിപിൻ ജോസഫും വിഷ്ണുവും ഈ വീട്ടിൽ ആണ് താമസിച്ചിരുന്നതെന്നാണ് പോലീസ് നിഗമനം. 
   സംഭവം വിവാദമായതോടെ വീട് സൈമൺ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട് തുറക്കുന്ന സമയത്ത് സമീപവാസിയായ സ്ത്രീയെ ഒപ്പം കൂട്ടിയെന്നും പ്രതി ഉപയോഗിച്ചെന്നു കരുതുന്ന വാഹനം വീട്ടിൽ നിന്ന് കണ്ടെത്തിയതായും പോലീസ് പറയുന്നു.

Latest News