ശ്രീനഗര്‍- ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളും ഒരു സിവിലിയനും കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം സൈന്യം വളയുകയായിരുന്നു. ഇവിടെ നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് ഡി.ജി.പി ശേഷ് പോള്‍ വൈദ് പറഞ്ഞു.
ശ്രീനഗര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് ഭീകരരുടെ അറസ്റ്റ് തടയാന്‍ ശ്രമിച്ച ജനക്കൂട്ടത്തിലൊരാള്‍ സൈന്യത്തിന്റെ കവചിത വാഹനം കയറിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭീകരരും സൈനികരും തമ്മിലുള്ള വെടിവെപ്പിനിടെ ഒരു സി.ആര്‍.പി.എഫ് ഭടന് പരിക്കേറ്റു. കശ്മീരിലെ പ്രധാന നഗരത്തില്‍ ഈ വര്‍ഷം ആദ്യമായാണ് സൈന്യവും ഭീകരരും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വര്‍ധിച്ചിരിക്കയാണ്. ഈ വര്‍ഷം ഇതുവരെ 110 പേരാണ് മരിച്ചത്. ഇവരില്‍ 20 സിവിലിയന്മാരും 28 സൈനികരും ഉള്‍പ്പെടുന്നു. ബാക്കിയുളളവര്‍ ഭീകരരാണ്.
ശനിയാഴ്ച വെടിവെപ്പ് നടന്ന പ്രദേശത്ത് നൂറുകണക്കിന് പ്രദേശവാസികള്‍ ധര്‍ണ നടത്തി. പ്രതിഷേധവും സംഘര്‍ഷവും നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്ക് ജനങ്ങളില്‍നിന്ന് പിന്തുണ വര്‍ധിച്ചതോടെ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭീകരരുടെ ആക്രമണങ്ങള്‍ തടയാന്‍ താഴ്‌വരയില്‍ കൂടുതല്‍ എന്‍.എസ്.ജി കരിമ്പൂച്ചകളേയും നിയോഗിച്ചിട്ടുണ്ട്.