തൃശൂര്‍- മണ്ണുത്തി പട്ടിക്കാട് ഭാര്യയെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാറ മണ്ടന്‍ചിറ ഇടപ്പാറ വീട്ടില്‍ ഇ.വി ബേബിയെ (76)ആണ് പീച്ചി സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.സി ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ എല്‍സി (72) യെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കളയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന എല്‍സിയെ പിന്നിലൂടെ എത്തിയ ബേബി കൈകോടാലി ഉപയോഗിച്ച് തലയില്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ ഉടന്‍ പുറത്തേക്ക് ഓടിയ എല്‍സിയെ പിന്തുടര്‍ന്ന ബേബിയെ സമീപവാസികള്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇവരുടെ ശ്രദ്ധതിരിച്ച പ്രതി റോഡില്‍ വെച്ച് വീണ്ടും എല്‍സിയുടെ തലയില്‍ വെട്ടുകയായിരുന്നു. ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്.12 ഓളം സ്റ്റിച്ചുകളാണ് തലയില്‍ ഉള്ളത്. എല്‍സി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി എല്‍സിയുടെ മൊഴിയെടുത്തു.
വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൈക്കോടാലി, വെട്ടുകത്തി, പുല്ല്വെട്ടി തുടങ്ങിയ ആയുധങ്ങള്‍ പ്രതിയുടെ കൈയ്യില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥിരം മദ്യപാനിയായ പ്രതി കൃത്യം നടത്തുന്ന സമയത്ത് മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പീച്ചി എസ്ഐമാരായ എ.ഒ ഷാജി, പി.കെ ഹരി, സിപിഒ അയ്യപ്പദാസ്, മിനേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.






