ന്യൂദല്‍ഹി-ഐ.പി.എസ്, സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് മാട്രിമോണിയല്‍ സൈറ്റുകളിലൂടെ സ്ത്രീകളെ പാട്ടിലാക്കിയ 38 കാരനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മായങ്ക് കപൂര്‍ എന്നയാളാണ് പിടിയിലായത്. സ്ത്രീകളെ കബളിപ്പിച്ച് ഇയാള്‍ പണം തട്ടിയതായും പോലീസ് പറഞ്ഞു.
ദല്‍ഹിയിലെ രോഹിണിയില്‍ അറസ്റ്റിലായ പ്രതി മുംബൈയിലും സ്ത്രീകളെ കബളിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഡേറ്റിംഗ്, മാട്രിമോണിയല്‍ സൈറ്റുകളില്‍ സി.ബി.ഐ അല്ലെങ്കില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്. വര്‍ഷം 50 മുതല്‍ 70 ലക്ഷം വരെ വരുമാനമുണ്ടെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചു.
സി.ബി.ഐയില്‍ ജോയിന്റ് ഡയരക്ടറായി ജോലി ചെയ്യുന്നുവെന്ന് മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെടുത്തിയ ഇയാളെ കുറിച്ച് കബളിപ്പിക്കപ്പെട്ട സ്ത്രീയാണ് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയത്. ഗൂഗിളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് തന്റെ ചിത്രം മോര്‍ഫ് ചെയ്ത് ചേര്‍ത്ത തിരിച്ചറിയില്‍ കാര്‍ഡും ഇയാള്‍ കാണിച്ചിരുന്നു.
ഒന്നര ലക്ഷം രൂപ നഷ്ടപ്പെട്ട സ്ത്രീ ഇയാള്‍ ഐ.പി.എസ് ഉദ്യോഗസ്ഥനല്ലെന്ന് ബോധ്യപ്പെട്ടതോടെ അകലം പാലിക്കുകയായിരുന്നു. എന്നാല്‍ സ്വകാര്യ ഫോട്ടോകള്‍ ഇയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതായും സ്ത്രീ പറഞ്ഞു. ദല്‍ഹി രോഹിണി ഏരിയയിലെ ഒരു പാര്‍ക്കിനുസമീപം വെച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.






