ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായെന്ന് ചെന്നിത്തല 

കൊച്ചി- വരാപ്പുഴ കസ്റ്റഡി കൊലപാതകക്കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് പൊലീസുകാരെ ബലിയാടാക്കി എസ്.ഐ അടക്കമുള്ളവരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പോലീസുകാർ  ഉൾപ്പെട്ട കൊലക്കേസ് പോലീസ് തന്നെ അന്വേഷിച്ചാൽ എങ്ങനെ ശരിയാകുമെന്നും ചെന്നിത്തല കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ ചോദിച്ചു. 
ടൈഗർ ഫോഴ്‌സിൻെറ ചുമതല ഉണ്ടായിരുന്ന ആലുവ റൂറൽ എസ്.പിയുടെ ഉത്തരവാദിത്തം എന്തായിരുന്നു? എന്തുകൊണ്ട് എസ്.പിയെ ചോദ്യം ചെയ്യുന്നില്ല. ആരെ സഹായിക്കാനാണ് എസ്.പി ജോർജ്ജിനെ രക്ഷപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നത്. ആരുടെ നിർദേശപ്രകാരമാണ് ആർ.ടി.എഫ് ശ്രീജിത്തിനെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്തതെന്ന വസ്തുത എന്ത് കൊണ്ട് പുറത്തു വരുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. 
എസ്.ഐ മുതൽ എസ്.പി വരെയുള്ളവർക്കെതിരെ വകുപ്പ് തല നടപടി മാത്രം എടുത്ത് രക്ഷപ്പെടുത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. റൂറൽ എസ്.പി ആയിരുന്ന എ. വി ജോർജ്ജിനെ രക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.  പോലീസ് പ്രതികളായ കേസുകൾ പോലീസ് തന്നെ അന്വേഷിക്കാൻ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാതെയാണ് വരാപ്പുഴ കേസ് സംസ്ഥാന പോലീസ് തന്നെ അന്വേഷിക്കുന്നത്. മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദർശിക്കാത്തത് ദുരൂഹമാണ്. 
കേസ് സി ബി ഐക്ക്  വിടാൻ സർക്കാരിന് എന്താണ് തടസമെന്നും ചെന്നിത്തല ചോദിച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു.  സർക്കാർ വേട്ടക്കാർക്കൊപ്പമാണ്. ആറ് ലോക്കപ്പ് കൊലപാതകങ്ങളാണ് പിണറായി അധികാരത്തിൽ വന്നശേഷം നടന്നത്. പോലീസ് പീഡനം മൂലം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. രഹസ്യാന്വേഷണ വിഭാഗം പൂർണ  പരാജയമാണ്. പോലീസ് സ്റ്റേഷനിൽ പോകുന്നതിലും ഭേദം തൂങ്ങി മരിക്കുന്നതാണ് എന്ന് ജനങ്ങൾ ചിന്തിക്കാൻ തുടങ്ങി. പോലീസിനെ പൂർണമായും രാഷ്ട്രീയവൽക്കരിച്ചു. ആഭ്യന്തര വകുപ്പ് നാഥനില്ലാകളരിയായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 
സർക്കാർ എല്ലാ തട്ടിപ്പുകൾക്കും പറ്റിക്കലുകൾക്കും കൂട്ടുനിൽക്കുന്നു. അവതാരങ്ങൾ ഉണ്ടാവില്ലെന്ന് പറഞ്ഞു അധികാരത്തിലേറിയ പിണറായിയുടെ കാലത്ത് കേരളത്തിൽ അവതാരങ്ങളുടെ ഘോഷയാത്ര ആണെന്നും ചെന്നിത്തല പരിഹസിച്ചു. കസ്റ്റഡി മരണങ്ങൾക്കും വർധിച്ചു വരുന്ന കൊലപാതകങ്ങൾക്കുമെതിരെ മെയ് എട്ടിന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രവർത്തകർ ജില്ലാ കലക്ടറേറ്റുകൾ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കുമെന്നു അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പിക്കറ്റ് ചെയ്യും. പെട്രോൾ, ഡീസൽ വിലവർധനവിലൂടെ 7000 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. അധിക വരുമാനം വേണ്ടെന്നുവെച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 
മനുഷ്യാവകാശ കമ്മീഷൻ പ്രവർത്തനം നല്ല രീതിയിലാണെന്നും കമ്മീഷന്റെ ചരിത്രത്തിലെ ഏറ്റവും നല്ല ഇടപെടലാണ് ശ്രീജിത്തിൻെറ വിഷയത്തിൽ ഉണ്ടായതെന്നും ചോദ്യത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ പോലീസിന്റെയോ സർക്കാരിന്റെയോ റബർ സ്റ്റാമ്പ് അല്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അവാർഡ് വിതരണം വിവാദത്തിലെത്തിച്ചത് ദൗർഭാഗ്യകരമാണ്. ഇത്രയും നല്ല ഒരു പരിപാടി ഇങ്ങനെ കുളമാക്കാൻ ബി.ജെ. പി സർക്കാരിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. 
യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ, ഡി.സി.സി പ്രസിഡണ്ട് ടി.ജെ വിനോദ്, ഹൈബി ഈഡൻ എം.എൽ.എ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 


 

Latest News