കണ്ണൂര്‍-സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയ അധ്യാപകനെതിരെ പോക്‌സോ കേസ്. ഇരിട്ടി കാക്കയങ്ങാട് പാല ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനും അധ്യാപക സംഘടനാ നേതാവുമായ ഹസ്സന്‍ മാസ്റ്റര്‍ക്കെതിരെയാണ് മുഴക്കുന്ന് പോലീസ് കേസെടുത്തത്. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
അധ്യാപകന്‍, പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് അഞ്ച് വിദ്യാര്‍ത്ഥിനികള്‍ കൗണ്‍സിലിംഗിനിടെയാണ് അധ്യാപികയോട് വെളിപ്പെടുത്തിയത്. കുട്ടികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കി. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ സമരം ആരംഭിച്ചത്.
പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. അധ്യാപകന്‍ ലൈംഗിക താത്പര്യങ്ങളോടെ പെരുമാറിയെന്ന് പരാതിപ്പെട്ട കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിനു ശേഷമാണ് കേസെടുത്തത്.






