Sorry, you need to enable JavaScript to visit this website.

കുത്തിവെപ്പിന് പിന്നാലെ വീട്ടമ്മയുടെ മരണം, ആശുപത്രിയുടെ അനാസ്ഥയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് - മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരുന്ന് കുത്തിവെച്ച ഉടന്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ ഉണ്ടായതായി പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധുവാണ് (45) ഒക്ടോബര്‍ 27 ന് മരുന്നു കുത്തിവച്ചതിന് പിന്നാലെ മരിച്ചത്. മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് സിന്ധു മരിച്ചതെന്ന് ബന്ധുക്കള്‍  ആരോപിച്ചിരുന്നു. മരുന്നിന്റെ പാര്‍ശ്വഫലമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വിശദീകരിച്ചത്.
മരണ കാരണമായേക്കാവുന്ന അശ്രദ്ധയോടെ പ്രവര്‍ത്തിച്ചുവെന്ന വകുപ്പ് പ്രകാരം ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശനന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഗുരുതരമായ പാര്‍ശ്വഫലം ഉണ്ടായേക്കാവുന്ന മരുന്ന്  മുന്നൊരുക്കം നടത്താതെ സിന്ധുവിന് നല്‍കിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. നഴ്സിംഗ് വിദ്യാര്‍ഥിയാണ് കുത്തിവെപ്പ് നടത്തിയതെന്നും മരുന്ന് സിന്ധുവിന് കുത്തിവെച്ച ശേഷം മൊബൈലില്‍ സംസാരിച്ച് ലാഘവത്തോടെ ഇവര്‍ അടുത്ത രോഗിയുടെ അടുത്തേക്ക് പോയെന്നും പരാതിക്കാര്‍ പറയുന്നു. രോഗിയെ നിരീക്ഷിക്കാന്‍ ഡോക്ടറോ നഴ്സോ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഗി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചപ്പോള്‍ അതൊക്കെ ഉണ്ടാകുമെന്ന് ഹെഡ് നഴ്സ് നിസ്സാരവത്ക്കരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. റിയാക്ഷന്‍ ഉണ്ടായാല്‍ നല്‍കേണ്ട മറുമരുന്ന് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്നില്ല. വാര്‍ഡില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടാകണമെന്ന നിബന്ധനയുണ്ടായിരിക്കെ സംഭവം നടന്ന് 20 മിനിറ്റ് കഴിഞ്ഞ് നഴ്‌സ് വിളിച്ച ശേഷമാണ് ഒരു ഡോക്ടര്‍ എത്തിയത്. നെഞ്ചിടിപ്പ് പരിശോധിക്കുകയല്ലാതെ മറുമരുന്നോ ഓക്‌സിജനോ നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിന്ധുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആശുപത്രി ജീവനക്കാര്‍ നടത്തിയില്ലെന്ന ഗുരുതരമായ കണ്ടെത്തലാണ്  റിപ്പോര്‍ട്ടിലുള്ളത്.

 

Latest News