റിയാദില്‍നിന്ന് ചികിത്സക്കായി നാട്ടിലെത്തിച്ച കോട്ടയം സ്വദേശി മരിച്ചു

റിയാദ്- പനി ബാധിച്ച് അവശനിലയില്‍ റിയാദില്‍ കഴിയുന്നതിനിടെ സാമൂഹികപ്രവര്‍ത്തകര്‍ ഇടപെട്ട് നാട്ടിലെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കോട്ടയം സ്വദേശി മരിച്ചു.റിയാദ് ഗവര്‍ണര്‍ ഓഫീസിലെ മെയിന്റനന്‍സ് ഡിവിഷനില്‍ പമ്പ് ഓപറേറ്ററായി ജോലി ചെയ്തിരുന്ന കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ മണപ്പള്ളി തെക്ക് സ്വദേശി ജയപ്രകാശ് (60) ആണ് കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ചത്.
അല്‍നസ്മ കരാര്‍ കമ്പനിയുടെ കീഴില്‍ കഴിഞ്ഞ 20 വര്‍ഷമായി ഗവര്‍ണര്‍ ഓഫീസിലെ മെയിന്റനന്‍സ് ഡിവിഷനില്‍ ജോലി ചെയ്യുകയായിരുന്നു. 15 ദിവസം മുമ്പ് പനി ബാധിച്ച് റിയാദിലെ വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല.  തീര്‍ത്തും അവശനായപ്പോള്‍ സഹപ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ റിയാദ് ശുമൈസി ആശുപത്രിയില്‍ എത്തിച്ചു. അവിടെ കിടത്തി ചികിത്സ നല്‍കി ഒരുവിധം ഭേദമായപ്പോള്‍ താമസസ്ഥലത്തേക്ക് തിരിച്ചെത്തിച്ചു. എന്നാല്‍ വീണ്ടും ആരോഗ്യസ്ഥിതി വഷളാവുകയും കിടപ്പിലാവുകയും ചെയ്തു.

തുടര്‍ന്ന് നാട്ടില്‍നിന്ന് ജയപ്രകാശിന്റെ മകള്‍ ജ്യോതിയും നാട്ടുകാരും സാമൂഹികപ്രവര്‍ത്തകരുമായ ഇസ്മാഈല്‍ വാലേത്ത്, മുരളി മണപ്പള്ളി എന്നിവരും വിളിച്ച് സഹായം തേടിയതിനെ തുടര്‍ന്ന് റിയാദിലെ സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഒക്‌ടോബര്‍ 21ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വീല്‍ച്ചെയര്‍ പേഷ്യന്റായി നാട്ടിലേക്ക് കൊണ്ടുപോയി. കൂടെ പോകാന്‍ ആരുമില്ലാത്തതിനാല്‍ ശിഹാബ് കൊട്ടുകാട് തന്നെ ഒപ്പം പോയി. വിമാനത്തിനുള്ളില്‍ വെച്ച് അസുഖം മൂര്‍ച്ഛിക്കുകയും ശ്വാസം കിട്ടാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു. വിമാന ജീവനക്കാര്‍ ഉടന്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അടിയന്തര ശുശ്രൂഷ നല്‍കി. നിലത്ത് കിടക്ക ഒരുക്കി കിടത്തി പരിചരണം നല്‍കുകയും ചെയ്തു. യാത്രക്കാരും പരിചരണവും ആശ്വാസവും നല്‍കാന്‍ ഒരുമിച്ചുകൂടി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ നാട്ടുകാരനായ അമിതാഭ് പിള്ള ആംബുലന്‍സുമായെത്തി കൊച്ചയിലെ അമൃത ആശുപത്രിയിലും പിന്നീട് ആസ്റ്റര്‍ ആശുപത്രിയിലും എത്തിച്ചു. അവിടങ്ങളിലെ പരിശോധനയിലും രോഗം എന്താണെന്ന് കണ്ടെത്താനായില്ല. രക്തത്തില്‍ അണുബാധയുണ്ടായതാണ് രോഗകാരണമെന്നാണ് നിഗമനത്തിലെത്തിയത്. ഒടുവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയില്‍ തുടരുന്നതിനിടെയാണ്  മരണത്തിന് കീഴടങ്ങിയത്.
ജയകുമാരിയാണ് ജയപ്രകാശിന്റെ ഭാര്യ. മക്കളായ ജ്യോതിയും ചിത്തിരയും വിവാഹിതരാണ്.

 

 

Latest News