മുംബൈ-വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന് വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി മുംബൈ പോലീസ്. നേരത്തെ സ്വയം സംരക്ഷണത്തിനായി താരം ആയുധ ലൈസന്‍സിന് അപേക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഭീഷണി തിരിച്ചറിഞ്ഞാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ള നടപടി.
ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്ന് താരത്തിന് ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയുടെ മരണത്തിന് പിന്നാലെ സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും വധഭീഷണി ഉയര്‍ന്നിരുന്നു. സലിമിന്റെ സെക്യൂരിറ്റി ടീം മുംബൈയിലെ ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡിനടുത്തുള്ള വസതിക്ക് പുറത്താണ് ഭീഷണി കത്ത് കണ്ടെത്തിയത്. പതിവ് പ്രഭാത ഓട്ടത്തിന് പോകുമ്പോഴാണ് കത്ത് ലഭിച്ചത്.
ഭീഷണി കത്തിന് പിന്നാലെയാണ് സ്വന്തം സുരക്ഷയ്ക്കായി ആയുധ ലൈസന്‍സ് ആവശ്യപ്പെട്ട് സല്‍മാന്‍ ഖാന്‍ മുംബൈ പോലീസിന് അപേക്ഷ നല്‍കിയത്.
സല്‍മാന്‍ ഖാനെയും പിതാവിനെയും ബിഷ്‌ണോയ് സംഘം ഭീഷണിപ്പെടുത്തിയത് തങ്ങളുടെ ശക്തി കാണിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍.
സല്‍മാന്‍ ഖാനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കഴിഞ്ഞ മാസമാണ് ദല്‍ഹി പോലീസ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലുള്ളവര്‍ മുംബൈയിലെ നടന്റെ ഫാം ഹൗസ് ജീവനക്കാരുമായി ചങ്ങാത്തം കൂടാന്‍ ശ്രമിച്ചത് സല്‍മാന്‍ ഖാന്റെ വരവിന്റെയും പോക്കിന്റേയും സമയത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാന്‍ വേണ്ടിയാണെന്ന് പോലീസ് പറയുന്നു.