ഏകദേശം ഒരു മാസം മുമ്പ് ഗൾഫിലെ അവധിക്കാലം കഴിഞ്ഞ് ആറ് പേരുള്ള മലയാളി കുടുംബങ്ങൾ മടക്ക യാത്രയ്ക്ക് തയാറെടുക്കുന്നു. രാത്രി 12 മണിയായി കാണും. കോഴിക്കോട് കല്ലായിൽ നിന്നാണ് ഇന്നോവ കാറിൽ യാത്ര പുറപ്പെടുന്നത്. കുവൈത്തിലേക്കാണ് ഇവരുടെ യാത്ര. ഈ സമയത്ത് കുവൈത്തിലേക്ക്് ഏതാണ് ഫ്‌ളൈറ്റ് എന്നു അന്വേഷിച്ചപ്പോഴാണ് കാര്യം വ്യക്തമായത്. നല്ല തിരക്കുള്ള സീസണാണ്. രണ്ടു വർഷം കൊറോണ കാലമായതിനാൽ നാട്ടിൽ വരാൻ പറ്റാതിരുന്നവർ കൂട്ടത്തോടെ തിരിച്ചു പോവുകയാണ്. അതു കൊണ്ടു തന്നെ കൊച്ചി, കോഴിക്കോട് എയർപോർട്ടുകളിൽ കഴുത്തറുപ്പൻ നിരക്കാണ്. അൽപം ആശ്വാസമുള്ളത് കണ്ണൂർ-കുവൈത്ത് ഫ്‌ളൈറ്റിനാണ്. ഡിജിറ്റൽ കാലമല്ലേ, എല്ലാവർക്കും എവിടെ വെച്ചും നിരക്ക് ചെക്ക് ചെയ്യാമല്ലോ. കണ്ണൂരിൽ നിന്ന് ആറ് ടിക്കറ്റാവുമ്പോൾ വലിയ വ്യത്യാസം വരും. അർധരാത്രിയിൽ തലശ്ശേരിയിലെയും മാഹിയിലെയും ഇടുങ്ങിയ റോഡുകളിലൂടെയുള്ള യാത്ര പ്രയാസകരമാവില്ലേയെന്ന് അന്വേഷിച്ചു. അക്കാര്യത്തിൽ ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. വടകര കുഞ്ഞിപ്പള്ളി മോന്താൽ വഴി ഷോർട്ട് കട്ടിൽ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന വിദഗ്ധ ഡ്രൈവർമാർ കോഴിക്കോട് നഗരത്തിൽ തന്നെയുണ്ടെന്നത് പുതിയ അറിവായി. ഏതായാലും ഒരു കാര്യം ഉറപ്പായി കണ്ണൂർ വിമാനത്താവളത്തിന്റെ ഗ്രാഫ് കുതിക്കുകയാണ്. കോവിഡാനന്തര കാലത്ത് തിരക്കേറിയ വിമാനത്താവളമായി മാറിയിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദ, ദുബായ് എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങുകയായി. ദുബായ് കണ്ണൂർ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇന്നു മുതൽ സർവീസ് ആരംഭിക്കുന്നു. ആഴ്ചയിൽ നാല് ദിവസമാണ് സർവീസ്. ആദ്യദിനങ്ങളിൽ 300 ദിർഹം നിരക്കിൽ ദുബായിൽ നിന്ന് കണ്ണൂരിലേക്ക് ടിക്കറ്റ് ലഭിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
നവംബർ ഒന്ന് മുതൽ ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക. വൈകുന്നേരം യു.എ.ഇ സമയം 6.40 ന് പുറപ്പെടുന്ന വിമാനം കണ്ണൂരിൽ ഇന്ത്യൻ സമയം 11. 50 ന് എത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ആദ്യദിവസങ്ങളിൽ 300 ദിർഹം ടിക്കറ്റ് നിരക്ക്, അഞ്ച് കിലോ അധിക ബാഗേജ് എന്നീ ആനുകൂല്യങ്ങളും വിമാനക്കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്ന് തിരിച്ച് വിമാനം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 12.50 നു പുറപ്പെടും. ദുബായിൽ പുലർച്ചെ 3.15 ന് എത്തും. നിലവിൽ ദുബായിൽ നിന്ന് കണ്ണൂരിലേക്ക് ഗോ ഫസ്റ്റ് വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്.
ഏറെക്കാലമായി കാത്തിരുന്ന കണ്ണൂർ-ജിദ്ദ എയർ ഇന്ത്യ എക്സ്പ്രസ് ഈ മാസം ആറു മുതൽ സർവീസ് നടത്തും. ആഴ്ചയിൽ ഒരു ദിവസമാണ് സർവീസ്.ജിദ്ദയിലും പരിസരങ്ങളിലുമുള്ള കണ്ണൂർ, കാസർകോട് ജില്ലക്കാരായ പ്രവാസികൾക്ക് ഏറെ അനുഗ്രഹമാവും ഈ സർവീസ്.
96,673 പേരാണ് സെപ്റ്റംബറിൽ കണ്ണൂർ വിമാനത്താവളം വഴി കടന്നു പോയത്. പ്രതിമാസം ഒരു ലക്ഷത്തിലേറെ പേർ യാത്ര ചെയ്തിരുന്നിടത്ത് നേരിയ കുറവ് സംഭവിച്ചിരിക്കുന്നു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് യാത്രക്കാരുടെ കണക്ക് പുറത്ത് വിട്ടത്. കോവിഡിന് ശേഷം നീണ്ട ഇടവേളയ്ക്ക് പിന്നാലെയാണ് പ്രതിമാസം യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ 1,00,397 പേരാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. മാത്രമല്ല തുടർച്ചയായി 3 മാസവും യാത്രക്കാരുടെ എണ്ണം പ്രതിമാസം ഒരു ലക്ഷം കവിഞ്ഞിരുന്നു. സെപ്റ്റംബറിൽ എയർ ഇന്ത്യയുടെ ഏക രാജ്യാന്തര സർവീസ് അവസാനിപ്പിച്ചതാണ് വലിയ തിരിച്ചടിയായത്. എയർ ഇന്ത്യ എക്സ്പ്രസ് വിവിധ സെക്ടറിലെ സർവീസ് വെട്ടിക്കുറക്കുകയും മുംബൈ, ബംഗളൂരു സെക്ടറിലെ സർവീസുകൾ വിവിധ ദിവസങ്ങളിൽ റദ്ദാക്കുകയും ചെയ്തു. ഇതാണ് യാത്രക്കാരുടെ എണ്ണത്തെ ബാധിച്ചത് എന്നാണ് വിലയിരുത്തൽ. നവംബറിൽ എയർ ഇന്ത്യ തുടങ്ങുന്ന പുതിയ ഗൾഫ് സർവീസുകളിലൂടെ ചെറിയ കുറവ് പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
1996 ജനുവരി 19 ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിച്ചത്. പുതിയാപ്ലയുടെ എയർപോർട്ടെന്നാണ് സരസനായ മുൻ മുഖ്യമന്ത്രി ഇ.കെ വിശേഷിപ്പിക്കാറുള്ളത്. കർണാടകയിൽ സ്ഥിരതാമസമാക്കിയ ഇബ്രാഹിമിന്റെ ബന്ധുക്കൾ മട്ടന്നൂർ പ്രദേശത്ത് ധാരാളമായുണ്ട്. 2013 ജൂലൈയിലാണ് വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി ലഭിച്ചത്. നിർമാണ ഉദ്ഘാടനം 2014 ഫെബ്രുവരി രണ്ടിന് അന്നത്തെ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നിർവഹിച്ചു.
പ്രവർത്തനം തുടങ്ങി 9 മാസം പിന്നിട്ടപ്പോൾ തന്നെ കണ്ണൂർ വിമാനത്താവളം വഴി 10 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു എന്ന നേട്ടവും കണ്ണൂർ വിമാനത്താവളത്തിന് സ്വന്തം.
റൺവേയുടെ ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂർ. പാസഞ്ചർ ടെർമിനലിന്റെ വലിപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂരിന്. 95,000 ചതുരശ്ര മീറ്റർ ആണ് പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ വിസ്തൃതി.
കോഴിക്കോട് ജില്ലയിലെ പയ്യോളി മുതലുള്ള പ്രദേശങ്ങൾ, വടക്കേ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ, കർണാടകയിലെ കുടക്, തമിഴുനാട്ടിലെ നീലഗിരി ജില്ലകളിൽ നിന്നെല്ലാം പുതിയ വിമാനത്താവളം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. കർണാടക-കേരള അതിർത്തിയായ കൂട്ടുപുഴ മുതൽ മട്ടന്നൂർ വരെയും കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയിൽ നിന്ന് എയർപോർട്ട് വരെയുമുള്ള റോഡുകളുടെ നില മെച്ചപ്പെടുത്തുന്ന ജോലി പുരോഗമിച്ചു വരികയാണ്. വിമാനത്താവളത്തിന്റെ സമീപ നഗരങ്ങളായ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നുമുള്ള റോഡുകളുടെ നിലവാരവും മെച്ചപ്പെടുത്തി വരികയാണ്.
കേരളത്തിന് ലഭിച്ച വിശിഷ്ട സമ്മാനമാണ് കണ്ണൂർ മട്ടന്നൂരിലെ വിമാനത്താവളം.
തലശ്ശേരി, കണ്ണൂർ നഗരങ്ങളിൽനിന്ന് ഏതാണ്ട് തുല്യദൂരത്തിലാണ് മട്ടന്നൂരിനടുത്ത മൂർഖൻ പറമ്പിലെ എയർപോർട്ട്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളെല്ലാം തൊട്ടടുത്ത ഒരു നഗരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
കണ്ണൂരിനോളം വികസിപ്പിക്കാൻ സാധ്യതയുള്ള ഒരു പട്ടണം കേരളത്തിലില്ല. ഹൈദരാബാദ്-സെക്കന്തരാബാദ് മാതൃകയിൽ ഇരട്ട നഗരങ്ങളാക്കാനും അനുയോജ്യമാണ് വടക്കൻ കേരളത്തിലെ കണ്ണൂരും തലശ്ശേരിയും.
ആഭ്യന്തര വിമാന യാത്രികരേക്കാൾ കൂടുതലായി വിദേശ യാത്രക്കാരെ പ്രതീക്ഷിക്കുന്നതാണ് കണ്ണൂരിലെ വിമാനത്താവളം. നാട്ടിലെ തൊഴിൽ സാധ്യതകൾ കുറയുമ്പോൾ വിദ്യാസമ്പന്നരായ യുവതലമുറയ്ക്ക് പ്രതീക്ഷ വിദേശങ്ങളിലെ സാധ്യതകളാണ്. വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതിയില്ലാത്ത ഏക വിമാനത്താവളമെന്ന ദുരവസ്ഥയാണ് കണ്ണൂർ നേരിടുന്നത്. ഇതിനും പരിഹാരമുണ്ടാക്കിയാൽ കണ്ണൂർ അതിവേഗം കേരളത്തിലെ നമ്പർ വൺ വിമാനത്താവളമായി മാറുമെന്നതിൽ സംശയമില്ല.