ജനീവ - ഈ ട്രെയിനിന് നീളം കുറച്ച് കൂടുതലാണ്. 1.9 കിലോ മീറ്ററാണ് ഇതിന്റെ ദൈർഘ്യം. ഇതിലൂടെ സ്വിസ് റെയിൽവേ കമ്പനി ഒരു നേട്ടം കൈവരിച്ചു-ലോകത്തിലെ ഏറ്റവും നീളം കൂടിയ ട്രെയിനെന്ന ബഹുമതി സ്വിസ് റെയിൽവേ കമ്പനിയായ റിഷൻ റെയിൽവേയ്ക്ക് ലഭിച്ചു. ഈ അവസരത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്.
സ്വിസ് റെയിൽവേ 175 ാം വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് നൂറ് കമ്പാർട്ടുമെന്റുകളുള്ള നീളം കൂടിയ ട്രെയിൻ രംഗത്തിറക്കിയത്. സ്വിറ്റ്‌സർലന്റിലെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന ആൽബുല-ബർനിന പാതയിലൂടെയാണ് ശനിയാഴ്ച ഈ ട്രെയിൻ കടന്നു പോയത്. പ്രേഡയിൽ നിന്ന് ബർഗനിലേക്കായിരുന്നു സർവീസ്.
ലോക റെക്കോർഡിട്ട തീവണ്ടി 25 കിലോ മീറ്റർ കടന്നു വന്നത് ആൽപ്‌സ് മലനിരകളിലൂടെയാണ്. ഈ പാതയിൽ 22 തുരങ്കങ്ങളും 48 പാലങ്ങളുമുണ്ട്.