Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ന് കേരളപ്പിറവി ദിനം; പിറകോട്ട് സഞ്ചരിക്കുന്ന കേരളം

ഏറ്റവും നിരാശാജനകമായ അന്തരീക്ഷത്തിലാണ് ഇക്കുറി കേരളീയർ കേരളപ്പിറവി ദിനം ആഘോഷിക്കുന്നത്. തലസ്ഥാനത്തു നടന്ന അവിശ്വസനീയമായ കൊലപാതകമാണ് കേരളപ്പിറവിയിൽ ചർച്ച ചെയ്യുന്ന ഏറ്റവും പ്രധാന വാർത്ത. 

ഒറ്റപ്പെട്ട, വ്യക്തിപരമായ ഒന്നല്ല കാമുകനെ വിഷം കൊടുത്ത്് കൊന്ന സംഭവം. അറിഞ്ഞിടത്തോളം രണ്ടുമൂന്നു ഘടകങ്ങളാണ് കൊലക്കു കാരണമായിട്ടുള്ളത്. ഏറ്റവും പ്രധാനം ജാതി തന്നെ. അതാണ് ഗ്രീഷ്മയും വീട്ടുകാരും വിവാഹത്തെ ചെറുക്കാൻ കാരണമെന്നു മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. കൂടെ പറഞ്ഞ, ആദ്യഭർത്താവ് മരിക്കുമെന്ന കഥ ചിലപ്പോൾ കെട്ടുകഥയാകാം. അല്ലയെങ്കിൽ ദിവസങ്ങൾക്കുള്ളിൽ നടന്ന മറ്റൊരു നരബലിയായിരിക്കുന്നു ഈ സംഭവം. ഷാരോണിന്റെ മൊബൈലിലുള്ള ദൃശ്യങ്ങളും കൊലക്കു കാരണമാണെന്ന വാർത്തയുമുണ്ട്. ഈ മൂന്നു ഘടകങ്ങളും നമ്മൾ എവിടെയെത്തിയിരിക്കുന്നു എന്നതിന്റെ യഥാർത്ഥ ചിത്രം നൽകുന്നുണ്ട്. അന്ധവിശ്വാസ, അനാചാര നിരോധന നിയമം നടപ്പാക്കുന്നതിനെ കുറിച്ചാണ് ഇപ്പോഴത്തെ പ്രധാന ചർച്ച എന്നതിൽ നിന്നു തന്നെ കേരളം എവിടെയെത്തിയിരിക്കുന്നു എന്നത് വ്യക്തമാണ്. എന്തെല്ലാം നേടിയെന്ന് നാം അഹങ്കരിച്ചിരുന്നോ, അവയെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് കസവുവസ്ത്രങ്ങൾ ധരിച്ചും കേരളത്തെ കുറിച്ചും മലയാളത്തെ കുറിച്ചും പൊള്ളയായ വചനങ്ങൾ പറഞ്ഞും നമ്മൾ കേരളപ്പിറവി ആഘോഷിക്കുന്നത്. ജാതിക്കൊലകൾ പോലും നടക്കുമ്പോൾ ഇതു യു.പിയല്ല എന്നു പറഞ്ഞ് അഹങ്കരിക്കുന്നവരാകട്ടെ ന്യായീകരിക്കുന്നത് ഈ ജീർണതയെയും.
മറുവശത്ത് സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രത്തിന്റെയും സംഘ്പരിവാറിന്റെയും ഒത്താശയോടെ ഗവർണർ ഉയർത്തുന്ന ഭീഷണിയാണ് ഇത്തവണത്തെ ഹൈലൈറ്റ്. എന്നാലതിനെ ഒറ്റക്കെട്ടായി നേരിടാൻ നമുക്കാവുന്നില്ല. ചില പ്രസ്താവനകൾ നടത്തുന്നു എന്നതല്ലാതെ സർക്കാരും അതിനെ നിയന്ത്രിക്കുന്ന മുന്നണിയും തന്നെ അതിനു മുൻകൈ എടുക്കുന്നില്ല. മറിച്ച് കോൺഗ്രസ് ഇതര സർക്കാരുകളിലെ മുഖ്യമന്ത്രിമാർ ബഹിഷ്‌കരിച്ച കേന്ദ്രം വിളിച്ച യോഗത്തിൽ, യു.പി മുഖ്യമന്ത്രിക്കടുത്തിരുന്ന് പങ്കെടുക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്തത്. ഒരു നികുതി, ഒരു ഭാഷ, ഒരു മതം, ഒരു പാർട്ടി,  ഒരു പോലീസ്, ഒരു സിവിൽ കോഡ് എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായി, ഇന്ത്യയിലെ വൈവിധ്യങ്ങളെ കുഴിച്ചുമൂടാനും തങ്ങളുടെ അജണ്ടയിലെ ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുമുള്ള നീക്കങ്ങളുമായി സംഘപരിവാർ പിടിമുറുക്കുമ്പോൾ ശക്തമായ ഒരു പ്രതിരോധവും ഉയർത്താനാകാതെയാണ് ഇക്കുറി കേരളപ്പിറവി ദിനം കടന്നു വന്നിരിക്കുന്നത്. അതേസമയം ചടങ്ങു സമരങ്ങൾ സംഘടിപ്പിച്ച് ഇവിടെ നടക്കുന്ന അഴിമതികളെ വെള്ളപൂശാനും ശ്രമിക്കുന്നു. സമീപകാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ച പുസ്തകം സ്വപ്‌ന സുരേഷിന്റേതാണ് എന്നതും കേരളപ്പിറവി ദിനത്തിൽ ഓർക്കാവുന്നതാണ്.
സാമ്പത്തിക രംഗത്തേക്കു വന്നാൽ സ്ഥിതി അതിനേക്കാൾ ഭീകരമാണ്. പ്രവാസികൾ അയക്കുന്ന പണവും പല സംസ്ഥാനങ്ങളും നിരോധിച്ചിട്ടുള്ള ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നുമുള്ള നികുതിയുമാണ് നമ്മുടെ പ്രധാന വരുമാന സ്രോതസ്സ്. ഒപ്പം ഓരോ മാസവും കടം കൂടുന്നു. വരുമാനത്തിലെ പ്രധാന ഭാഗമാകട്ടെ സർക്കാർ ജീവനക്കാർക്കുള്ള വേതനവും പെൻഷനും. മറുവശത്ത് വൻകടമെടുത്തും കൊട്ടാരസദൃശമായ വീടുകൾ നിർമിച്ചും ലക്ഷങ്ങൾ ചെലവഴിച്ച് വിവാഹങ്ങൾ നടത്തിയും നമ്മൾ പൊങ്ങച്ചം കാണിക്കുന്നു. പല വിവാഹങ്ങളും സ്ത്രീധന കൊലകളിൽ അവസാനിക്കുന്നു. ഒരു കാലത്ത് നേട്ടമുണ്ടാക്കിയ ആരോഗ്യ - വിദ്യാഭ്യാസ മേഖലകളെല്ലാം തകർന്നിരിക്കുന്നു. 
കഴുത്തറുപ്പൻ കച്ചവടമാണ് അവിടെ നടക്കുന്നത്.  ഉന്നത വിദ്യാഭ്യാസത്തിനും വിദഗ്ധ ചികിത്സക്കും കേരളം വിട്ടുപോകേണ്ട ഗതികേട്. പിണറായിയും ഉമ്മൻ ചാണ്ടിയും പോലും വിദഗ്ധ ചികിത്സക്ക് കേരളം വിടുന്നത് നൽകുന്ന സൂചന ശുഭകരമല്ല. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി നാടുവിടുന്ന ചെറുപ്പക്കാരുടെ എണ്ണവും കൂടുന്നു. ആയിരക്കണക്കിനു പേർക്ക് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാനവസരം ഉണ്ടാക്കുന്നത് വലിയ ഭരണ നേട്ടമായി പോലും അവതരിപ്പിക്കപ്പെടുന്നു. അധികം താമസിയാതെ ചെറുപ്പക്കാരേക്കാൾ വയോജനങ്ങൾ നിറഞ്ഞ, ആരോഗ്യകരമല്ലാത്ത അവസ്ഥയിലേക്ക് കേരളം മാറുമെന്നുറപ്പ്. മറുവശത്ത് സംരംഭ സൗഹൃദമെന്നു പറയുമ്പോഴും ചെറുകിട സംരംഭങ്ങളെല്ലാം പൂട്ടുന്നു, അല്ലെങ്കിൽ പൂട്ടിക്കുന്നു. ഐ.ടിയിലും ടൂറിസത്തിലും പോലും പ്രതീക്ഷിക്കുന്ന മെച്ചങ്ങൾ ഉണ്ടാകുന്നില്ല. മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ, ദളിതർ, ആദിവാസികൾ തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളുടെ അവസ്ഥ ഇപ്പോഴും ഏറ്റവും മോശമായി തുടരുന്നു. കടൽ, തോട്ടം, ഭൂമി, വനം തുടങ്ങി സ്വന്തം വിഭവങ്ങളിൽ അവർക്കുള്ള അധികാരം നിഷേധിക്കപ്പെടുന്നു. ആയിരക്കണക്കിനു ഏക്കർ ഭൂമി ഇപ്പോഴും കോർപറേറ്റുകൾ കൈവശം വെച്ചിരിക്കുന്നു. 
വാസ്തവത്തിൽ ഇന്ത്യയെന്നത് വൈവിധ്യമാർന്ന നിരവധി ദേശീയതകളുടെ സമുച്ചയമാണ്. കൊളോണിയൽ കാലഘട്ടമില്ലായിരുന്നെങ്കിൽ വ്യത്യസ്ത രാഷ്ട്രങ്ങൾ തന്നെ ഇവിടെ ഉണ്ടാകുമായിരുന്നു. യൂറോപ്പിൽ നിലനിന്നിരുന്ന ലാറ്റിൻ ആധിപത്യത്തിനെതിരെ പ്രാദേശിക ഭാഷകൾ വളർന്നുവരികയും അവസാനം ദേശീയ രാഷ്ട്ര രൂപീകരണത്തിൽ എത്തുകയും ചെയ്തപോലുള്ള സംഭവ വികാസങ്ങൾ ഇവിടെയും ആരംഭിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കൊളോണിയൽ ആധിപത്യം ചരിത്രഗതിയെ വഴിമാറ്റി വിട്ടു. പിന്നീട് കൊളോണിയൽ വിരുദ്ധ സമരത്തിലുണ്ടായ ഐക്യമാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ രൂപീകരണത്തിന്റെ അടിത്തറയായത്. പക്ഷേ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ചരിത്രപരമായ വളർച്ച വളരെയധികം വ്യത്യസ്തമാണ്. ഇന്നും അങ്ങനെ തന്നെ. അവ തമ്മിൽ താരതമ്യം ചെയ്ത് നമ്മൾ മുന്നിലാണ്, അവർ പിന്നിലാണ് എന്ന വാദം തന്നെ അർത്ഥരഹിതമാണ്. നമ്മുടെ പ്രയാണം മുന്നോട്ടോ പിറകോട്ടോ എന്നാണ് പരിശോധിക്കേണ്ടത്. അപ്പോൾ കാണുന്നത് നിരാശ മാത്രമാണ്. ക്രസമാധാനം, സാമുദായിക സാഹോദര്യം, ഭരണക്ഷമത, അഴിമതിയില്ലായ്മ, മനുഷ്യ വികസന സൂചികകൾ, സാക്ഷരത, ആളോഹരി വരുമാനം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം മുന്നിലാണെന്ന അവകാശവാദം ശരിയായിരിക്കാം. എന്നാൽ ഇവയിൽ മിക്കതിലും അടുത്ത കാലത്തായി കേരളം പിറകോട്ടടിക്കുകയാണെന്നതാണ് വസ്തുത. 
സാമൂഹിക രംഗത്തും പ്രാഥമിക വിദ്യാഭ്യാസ രംഗത്തും ജീവിത നിലവാര രംഗത്തും കേരളം താരതമ്യേന മുന്നിലാവാനുള്ള കാരണത്തെ കുറിച്ചുള്ള അവകാശവാദങ്ങൾ നിരന്തരം കേൾക്കുന്നതാണല്ലോ. ഇരുമുന്നണികളും ഏറെക്കുറെ തുല്യകാലമാണ് ഭരിച്ചതെങ്കിലും തങ്ങളാണ് ഈ പുരോഗതികൾക്ക് കാരണമെന്നു സ്ഥാപിക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട്.  വാസ്തവമെന്താണ്? കേരളത്തിന്റെ സാമൂഹിക പുരോഗതിക്കു പ്രധാന കാരണം ഈ പ്രസ്ഥാനങ്ങൾക്കു മുന്നെ ആരംഭിച്ച, സമൂഹത്തെ അടിത്തട്ടിൽ നിന്നുള്ള നവോത്ഥാന മുന്നേറ്റങ്ങളാണ്. ആ മുന്നേറ്റങ്ങളെ മുന്നോട്ടു കൊണ്ടുപോകാതിരിക്കുകയാണ് ഇവരെല്ലാം ചെയ്തത്. അതിന്റെ ഫലമാണ് അന്ധവിശ്വാസ - അനാചാര നിരോധന നിയമം പാസാക്കേണ്ട അവസ്ഥയിലേക്ക് നമ്മളെത്തിയത്. 
പ്രാഥമിക വിദ്യാഭ്യാസ പുരോഗതിക്കാകട്ടെ പ്രധാന കാരണം, മോശപ്പെട്ട പല പ്രവണതകൾക്കും തുടക്കമിട്ടെങ്കിലും മിഷനറിമാരായിരുന്നു. സ്ത്രീപുരുഷ ബന്ധങ്ങളെ വിക്ടോറിയൻ സദാചാരത്തിലേക്കു കൊണ്ടുപോകുകയും ഇന്ന് സദാചാര പോലീസിംഗിലെത്തിക്കുകയും ചെയ്തതിന് ഒരു കാരണം ഈ വിദ്യാഭ്യാസമാണ്. ജീവിത നിലവാരം മെച്ചപ്പെടാൻ പ്രധാന കാരണം ഇന്നും തുടരുന്ന പ്രവാസമാണ്.  പ്രവാസത്തിനു പ്രധാന കാരണം കേരളത്തിൽ കാർഷിക - വ്യവസായ വികസനം നടക്കാത്തതായിരുന്നു. അതിനുള്ള ഒരു കാരണം ഉൽപാദക ശക്തികളുടെ വികാസത്തിനും സംരംഭകത്വത്തിനും സാങ്കേതിക വിദ്യകൾക്കും സഹായകമല്ലാത്ത നിലപാടുകളായിരുന്നു. ഉൽപാദന ശക്തികളുടെ വികാസമാണ് സമൂഹത്തെ മുന്നോട്ടു നയിക്കുക എന്ന മാർക്സിസ്റ്റ് ആശയത്തിനു വിരുദ്ധമായിരുന്നു ഇടതുപക്ഷമടക്കമുള്ളവരുടെ നിലപാട്. എന്നിട്ടും എന്തൊക്കെ അവകാശവാദങ്ങളാണ് കേൾക്കുന്നത്.....!
മറ്റു പല സംസ്ഥാനങ്ങളും ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുമ്പോൾ അത്തരക്കാരെ നിരുത്സാഹപ്പെടുത്തുന്ന സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. സർക്കാർ വരുമാനത്തിന്റെ വലിയൊരു ഭാഗം വേതനമായി വാങ്ങുന്ന സർക്കാർ ജീവനക്കാർക്ക് നാടിന്റെ വികസനത്തിൽ ഒരു താൽപര്യവുമില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം.  

Latest News