ബംഗളൂരു- ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമവും (പോക്‌സോ), ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളുമാണ് വ്യക്തിനിയമങ്ങളെക്കാള്‍ അടിസ്ഥാനപരമായി നിലനില്‍ക്കുകയെന്ന് കര്‍ണാടക ഹൈക്കോടതി.
ബലാത്സംഗക്കേസില്‍ പ്രതിയായ ചിക്കമംഗളൂരു സ്വദേശിയായ 19കാരന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
പതിനാറുകാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൊണ്ടുപോയി ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ശരീഅത്ത് നിയമത്തില്‍ സാധാരണ പ്രായപൂര്‍ത്തിയാകാനുള്ള പ്രായം 15 വയസ്സാണെന്നും അത് വിവാഹപ്രായമായി കണക്കാക്കുന്നുവെന്നുമുള്ള വാദങ്ങളാണ് കോടതി തള്ളെയത്. ഐപിസി നിയമങ്ങള്‍ പരമോന്നതവും വ്യക്തിഗത നിയമങ്ങളെ മറികടക്കുന്നതുമാണെന്ന് കോടതി വ്യക്തമാക്കി.
പ്രതി മുസ്ലിമായതിനാല്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും വാദിച്ചിരുന്നു.
വ്യക്തിനിയമത്തിന്റെ പേരില്‍ ഹരജിക്കാരന് ജാമ്യം അനുവദിക്കാനാകില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം തള്ളിയത്.
മറ്റൊരു കേസില്‍ ഇതേ ബെഞ്ച് ശരീഅത്ത് നിയമപ്രകാരം ജാമ്യം അനുവദിക്കണമെന്ന വാദം മാറ്റിവെച്ച് മാനുഷിക പരിഗണന നല്‍കി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
പതിനേഴുകാരിയായ ഭാര്യ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നത്. ശരീഅത്ത് നിയമപ്രകാരം വിവാഹിതനായതിനാല്‍ ഇയാള്‍ക്കെതിരെ ചുമത്തിയ പോക്‌സോ കുറ്റം ഒഴിവാക്കണമെന്ന് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചു. ബെഞ്ച് വാദം അംഗീകരിച്ചില്ലെങ്കിലും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭര്‍ത്താവായ പ്രതി സംരക്ഷിക്കുമെന്ന കാര്യം പരിഗണിച്ച് ജാമ്യം അനുവദിച്ചു.