12കാരിയെ പീഡിപ്പിച്ച അമ്മാവന് 48 വര്‍ഷം തടവ്

ഇടുക്കി-  വെള്ളത്തൂവലിന് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 48 വര്‍ഷം തടവും പിഴയും ശിക്ഷ. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനെയാണ് ഇടുക്കി അതിവേഗ പ്രത്യേക ജഡ്ജി ശിക്ഷിച്ചത്. 2015- 2017 കാലഘട്ടത്തിലാണ് കേസിനാസ്പദ സംഭവം നടക്കുന്നത്.
പീഡനം നടന്ന് ആറു വര്‍ഷങ്ങള്‍ക്കുശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം 12 വയസുകാരി പഠനം നടത്തിയിരുന്നത് അമ്മയുടെ വീട്ടില്‍ നിന്നാണ്. ഇവിടെ വച്ചാണ് അമ്മാവന്‍ നിരന്തരം ലൈംഗിക പീഡനത്തിന്  ഇരയാക്കിയത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയങ്ങളില്‍ ആയിരുന്നു പീഡനം. 2021 വരെ പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞിരുന്നില്ല.
സമാനമായ ദുരവസ്ഥ മറ്റൊരാളില്‍ നിന്ന് പെണ്‍കുട്ടിക്ക് വീണ്ടും ഉണ്ടായി. ആ കേസില്‍ ചൈല്‍ഡ് ലൈന്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് അമ്മയുടെ സഹോദരനും മുമ്പ് പീഡിപ്പിച്ചുവെന്ന വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് 2021ല്‍ ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം വെള്ളത്തൂവല്‍ പോലീസ് പ്രതിക്കെതിരെ കേസെടുത്തു. വിവിധ വകുപ്പുകളിലായി 48 വര്‍ഷമാണ് ശിക്ഷ. ഇതില്‍ ഏറ്റവും ഉയര്‍ന്ന ശിക്ഷയായ പത്തുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. 40000 രൂപ പിഴയും ഒടുക്കണം. കുട്ടിയുടെ പുനരധിവാസത്തിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അമ്പതിനായിരം രൂപയും നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോ മോന്‍ ജോസഫ് ഹാജരായി.

 

Latest News