റിയാദ് - സൗദിയില്‍ ബാങ്കുകളുടേയും മറ്റും പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അധികൃതര്‍.
സൗദി പൗരനും ഏഷ്യന്‍ വംശജരായ ആറു വിദേശികളും അടങ്ങിയ തട്ടിപ്പ് സംഘത്തെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളാണെന്ന വ്യാജേനെ ഇരകളുമായി ഫോണില്‍ ബന്ധപ്പെട്ട് രഹസ്യ വിവരങ്ങള്‍ കൈക്കലാക്കി അക്കൗണ്ടുകളില്‍ പ്രവേശിച്ച് പണം കവരുകയാണ് സംഘം ചെയ്തിരുന്നത്.
ടെലികോം മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടിയ സൗദി പൗരന്‍ മറ്റുള്ളവര്‍ അറിയാതെ അവരുടെ പേരുകളിലും ഇഖാമ നമ്പറുകളിലും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിദേശികളെ അനുവദിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.
സിം കാര്‍ഡ് രജിസ്‌ട്രേഷന് ഉപയോഗിക്കാന്‍ പേപ്പറുകളില്‍ സൂക്ഷിച്ചുവെച്ച 2,000 ലേറെ വിരലടയാളങ്ങള്‍ പ്രതികളുടെ പക്കല്‍ കണ്ടെത്തി. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.