ആലുവ- യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ശ്രമം തുടരുകയാണെന്ന് എം.എ യൂസഫലി. കൊല്ലപെട്ടയാളുടെ ചില കുടുംബാംഗങ്ങള്‍ മാപ്പു നല്കാന് തയാറാകാത്തതാണ് പ്രശ്നം. ഇതിനായി യെമനിലെ ഒരു വ്യവസായി മുഖേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി യെമനില്നിന്നുള്ളവരെ അടക്കം ഉള്‍പ്പെടുത്തി നവംബര്‍ 9ന് ദുബായില്‍ യോഗം വിളിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു.
നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. നാലു കോടിയോളം രൂപയാണ് ബ്ലഡ് മണിയായി കൊടുക്കേണ്ടത്. ജി.സി.സി രാജ്യങ്ങള്‍ പോലെയല്ല യെമന്‍. കാര്യങ്ങള്‍ കുറച്ചുകൂടി ബുദ്ധിമുട്ടാണ്. അതിനാലാണ് നീക്കം വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിക്കാന്‍ ആലുവ ഗസ്റ്റ് ഹൗസിലെത്തിയതായിരുന്നു യൂസഫലി.