ഇന്ത്യൻ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഇതിഹാസ വനിത

ഇന്ന് ഇന്ദിരാഗാന്ധിയുടെ ഓർമ ദിവസം
 

സ്വതന്ത്ര ഇന്ത്യയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ധീരോദാത്ത നടപടി എന്ന് വിശേഷിപ്പിക്കുന്നത് 1969 ലെ ബാങ്കുകളുടെ ദേശസാൽക്കരണമാണ്. അന്ന് വരെ ജമീന്ദാർമാരുടെയും സ്വകാര്യ വ്യക്തികളുടെയും കൈവശമായിരുന്ന  14 ബാങ്കുകൾ ദേശസാൽക്കക്കരിച്ചുകൊണ്ട് ഇന്ദിര നിയമ നിർമാണം നടത്തിയപ്പോൾ ഇടപെടലുകളിലെ ധീരത ഇന്ത്യൻ ജനത അനുഭവിച്ചറിഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതക്ക് മേൽ ഖലിസ്ഥാൻ വാദികൾ പുതിയ ഭീഷണിയുയർത്തിയപ്പോൾ ഏവരെയും ഞെട്ടിച്ചു കൊണ്ട് സൈന്യത്തിന് സുവർണ ക്ഷേത്രത്തിനുള്ളിൽ കടന്ന് കലാപകാരികളെ അമർച്ച ചെയ്യാൻ അവർ ഉത്തരവിട്ടു. 

 


1984 ഒക്ടോബർ 31 ന് രാവിലെ ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്താണ് ഇന്ത്യൻ ചരിത്രം കറുപ്പ് കൊണ്ട് മൂടിയ നിമിഷങ്ങളിലേക്ക് ഇന്ദിര ഇറങ്ങി നടന്നത്. ബ്രിട്ടീഷ് അഭിനേതാവ് പീറ്റർ ഉസ്റ്റിനോവിന് ഒരു ഡോക്യൂമെന്ററി തയാറാക്കാനുള്ള ഇന്റർവ്യൂവിലേക്ക് നടന്നടുക്കവേ സുരക്ഷ ഉദ്യോഗസ്ഥരായ സത്‌വന്ത്, ബിയാന്ത് എന്നിവർ ഉതിർത്ത 33 റൗണ്ട് വെടിയുണ്ടകൾ ഉരുക്ക് വനിതയുടെ ദേഹം തുളച്ചുകയറി. ഇന്ദിരയെന്ന ഇതിഹാസം അസ്തമിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം രാജ്യമെമ്പാടും ദുഃഖത്തിന്റെയും രോഷത്തിന്റെയും പ്രകമ്പനം. ഇന്ദിരാജിയുടെ വസതിയിൽ ഉറങ്ങുകയായിരുന്ന മരുമകൾ സോണിയ ഗാന്ധി വെടിയൊച്ചയുടെ ശബ്ദം കേട്ട് ഓടിയെത്തി.
സ്വന്തം അമ്മയെപ്പോലെ സ്‌നേഹിക്കുന്ന ഭർതൃമാതാവ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ച. 
മരിക്കുന്നതിന് തലേ ദിവസം ഒറീസയിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന അവസാന പ്രസംഗത്തിൽ ഒരുൾവിളിയോടെയെന്നവണ്ണം പ്രിയദർശിനി പറഞ്ഞ വാക്കുകൾ അറംപറ്റി.. 'ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരുപക്ഷേ, നാളെ ഉണ്ടായെന്ന് വരില്ല. എങ്കിലും എന്റെ മരണം വരെ, എന്റെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിന് വേണ്ടി കർമനിരതയായിരിക്കും. എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജസ്വലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇനി രാജ്യസേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളും. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചലനാത്മകവുമാക്കാൻ ഞാൻ സംഭാവന ചെയ്യും'. 
ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ ഇതുപോലെ മറ്റൊരു വനിതയെ പ്രിയദർശിനിക്ക് മുൻപും ശേഷവും ഇന്ത്യ കണ്ടിട്ടില്ല. 1928 ൽ പത്തു വയസ്സ് മാത്രം പ്രായമുള്ള കാലത്ത് ഹിമാലയത്തിലെ മസൂറിയിൽ വേനലവധിക്കാലം ചെലവഴിക്കേ, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കനൽപഥങ്ങൾക്ക് തീക്കൂട്ടുന്ന തിരക്കുകൾക്കിടെ പ്രിയ പുത്രിക്ക് നെഹ്‌റു അയച്ച ലോക പ്രശസ്തമായ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' വായിച്ചുകൊണ്ടാണ് ഇന്ദിര ലോകത്തെ അറിഞ്ഞു തുടങ്ങിയത്. ലോകം ഒരു കുടുംബമാണെന്ന് ചിന്തിക്കാനും അതിനുസൃതമായി പ്രവർത്തിക്കാനും ആ ആദ്യകാല വായനകൾ തന്നെ ധാരാളമായിരുന്നു. സ്വാതന്ത്ര്യ സമര കോലാഹലങ്ങളുടെ വേലിയേറ്റങ്ങളിൽ പ്രക്ഷുബ്ധമായിരുന്ന ഇന്ത്യയിൽ അതിന്റെ നെടുംതൂണായിരുന്ന ഒരു കുടുംബത്തിലെ അംഗമായതു കൊണ്ട് തന്നെ ഇന്ത്യയുടെ ജീവൻ പരുവപ്പെടുന്നതും  ശക്തിയാർദിക്കുന്നതും വളരെ അടുത്ത് നിന്ന് കണ്ടുകൊണ്ടാണ് അവർ വളർന്നത്. കുഞ്ഞുന്നാളിൽ കുട്ടികളുടെ പേരിൽ 'വാനര സേന' രൂപീകരിച്ച് നേതാക്കൾക്കുള്ള കത്തുകൾ ഒളിച്ചു കടത്തിയും പിൽക്കാലത്തു ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽവാസം വരിച്ചും മൂർച്ച കൊണ്ട ആ ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ പലവുരു ചുറ്റിമറിഞ്ഞാണ് നെഹ്‌റുവാനന്തര ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കാൻ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ ആകസ്മിക നിര്യാണത്തിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് കോൺഗ്രസ് നേതൃത്വം ഇന്ദിരയെ ആനയിക്കുമ്പോൾ 49 വയസ്സുള്ള ആ വിധവക്ക് 49 കോടി ജനതയുടെ ഭാഗധേയം നിർണയിക്കാനുള്ള ശേഷിയുണ്ടോ എന്ന് സന്ദേഹിച്ചവർ കുറവല്ല. അതീവ ബുദ്ധിവൈഭവമോ, നല്ല വാക്ചാതുരിയോ ഇല്ലാത്ത ഇന്ദിരയെ പാർലമെന്റിൽ പോലും കൃത്യമായി മറുപടി പറയാൻ കഴിവില്ലാത്തവൾ എന്ന് പലരും പരിഹസിച്ചിരുന്നു. പക്ഷേ, കാലം കരുതിവെച്ച അസാമാന്യ ധീരതയോടെ ഭരണ യന്ത്രം തിരിച്ചു തുടങ്ങിയപ്പോൾ പിൽക്കാലത്തു ലോകം പറഞ്ഞു തുടങ്ങി ഇന്ത്യയെന്നാൽ ഇന്ദിരയാണ്. 1971 ൽ ലോക ചരിത്രത്തിൽ തന്നെ സമാനതകളോ, കേട്ടുകേൾവി പോലും ഇല്ലാത്ത യുദ്ധത്തിലൂടെ പാക്കിസ്ഥാനെ തറപറ്റിച്ചു ബംഗ്ലാദേശ് എന്ന രാജ്യം നിർമിച്ചു കൊടുത്തപ്പോൾ ആ ധീരതക്ക് മുൻപിൽ ലോകം അമ്പരന്നതാണ്. 
സ്വതന്ത്ര ഇന്ത്യയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ധീരോദാത്ത നടപടി എന്ന് വിശേഷിപ്പിക്കുന്നത് 1969 ലെ ബാങ്കുകളുടെ ദേശസാൽക്കരണമാണ്. അന്ന് വരെ ജമീന്ദാർമാരുടെയും സ്വകാര്യ വ്യക്തികളുടെയും കൈവശമായിരുന്ന  14 ബാങ്കുകൾ ദേശസാൽക്കക്കരിച്ചുകൊണ്ട് ഇന്ദിര നിയമ നിർമാണം നടത്തിയപ്പോൾ ഇടപെടലുകളിലെ ധീരത ഇന്ത്യൻ ജനത അനുഭവിച്ചറിഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതക്ക് മേൽ ഖലിസ്ഥാൻ വാദികൾ പുതിയ ഭീഷണിയുയർത്തിയപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ട് സൈന്യത്തിന് സുവർണ ക്ഷേത്രത്തിനുള്ളിൽ കടന്ന് കലാപകാരികളെ അമർച്ച ചെയ്യാൻ അവർ ഉത്തരവിട്ടു. അതിന് പിൽക്കാലത്ത് അവർ നൽകിയ വിലയാണ് സ്വന്തം ജീവൻ. ഹരിത വിപ്ലവവും ധവള വിപ്ലവവും ഭംഗിയാക്കി ഭക്ഷ്യ സുരക്ഷയിലേക്ക് നയിച്ച ഇന്ദിരയുടെ മറ്റൊരു ആർജവമാണ് ഇന്ത്യയുടെ ആദ്യ അണുപരീക്ഷണവും. 'ബുദ്ധൻ ചിരിക്കുന്നു' എന്ന പേരിൽ പൊഖ്‌റാനിൽ 1974 ൽ അവർ ആദ്യ ആണവ പരീക്ഷണത്തിന് അനുമതി നൽകുമ്പോൾ പാക്കിസ്ഥാൻ ലോക രാജ്യങ്ങൾക്ക് മുന്നിൽ പോയി കരയുകയായിരുന്നു. കാരണം 3 വർഷങ്ങൾക്ക് മുൻപ് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണല്ലോ ഇന്ദിര ബംഗഌദേശ് വിമോചനത്തിലൂടെ അവർക്ക് നൽകിയത്. ചുരുക്കത്തിൽ, വിലയേറിയ കോട്ടും നിരോധിച്ച നോട്ടും കൊണ്ട് 56 ഇഞ്ചിന്റെ മഹിമ പറഞ്ഞതഴകൊണ്ടല്ല ഇന്ദിരയെ ലോകം ഉരുക്കു വനിത എന്ന് വിളിച്ചത്. ലോകം അന്നേവരെ ദർശിച്ചിട്ടിലാത്ത ധീരത അതൊന്ന് കൊണ്ട് മാത്രമാണ്, ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തെരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളി ഇന്ത്യയുടെ ഒരേ ഒരു ഇന്ദിര ലോകത്തിന്റെ ഇന്ദിരയായി ഒന്നാമതെത്തിയത്. 

Latest News