കൺസഷൻ കാർഡ് കൈയിൽ കിട്ടണമെങ്കിൽ കയറി ഇറങ്ങേണ്ട കടമ്പകൾ ഓർത്തുള്ള വേവലാതി ഇനി വേണ്ടിവരില്ല. കടമ്പകൾ ഓർത്ത് പലരും ഉദ്യമത്തിൽ നിന്ന് പിന്മാറുന്ന അവസ്ഥ പോലുമുണ്ട് എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് സാധാരണക്കാരായ പ്രവാസികളുടെ മക്കൾ. അവർക്ക് ഇത്തരം കാര്യങ്ങൾക്ക് ഓടിനടക്കാൻ നേരമുണ്ടാകുന്നത് അപൂർവം.
കാട്ടാക്കട അനുഭവത്തിൽ നിന്ന് കെ.എസ്.ആർ.ടി സി നല്ല പാഠം ഉൾക്കൊണ്ടിരിക്കുന്നു. ഒരു രക്ഷിതാവിനും കുട്ടിക്കും കാട്ടാക്കടയിലെ കെ.എസ്.ആർ.ടി.സി സ്റ്റാന്റിലുണ്ടായ ദുരനുഭവം കേരളമാകെ വലിയ ചർച്ചയാപ്പോൾ കൺസഷൻ കാർഡ് വിതരണം ഓൺ ലൈനാക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിക്കുകയായിരുന്നു. പുതിയ സംവിധാനം അടുത്ത അധ്യായന വർഷം മുതൽ നടപ്പാക്കാനാണ് ആലോചന. ആദ്യ നടപടികൾ പൂർത്തിയായിട്ടുണ്ട്. എൻ.ഐ.സിയുടെ സഹായത്തോടെയാണ് ഇതിനായുള്ള സോഫ്റ്റ് വെയർ പൂർത്തിയാക്കിയത്. ഡമ്മി രേഖ പരീക്ഷണത്തിന്റെ ഘട്ടമാണിപ്പോൾ. നവംബർ 15 മുതൽ ഇതിന്റെ പരീക്ഷണ നടപടികൾ തുടങ്ങുമെന്നാണ് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞത്. കൺസഷൻ കാർഡിനായുള്ള ക്യൂ നിൽപും കോലാഹലങ്ങളും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ തലവേദനയായിരുന്നു. പേപ്പർ കാർഡാണ് ഇപ്പോൾ നൽകുന്നത്. അതൊക്കെ ഇനി കാർഡ് രൂപത്തിലാക്കും. കാർഡ് വാങ്ങാൻ വിദ്യാർഥികൾ കെ.എസ്.ആർ.ടി.സി ഓഫീസിലേക്ക് എത്തേണ്ടതില്ല. അതെല്ലാം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തും. പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്രയാണ് അനുവദിക്കുന്നത്. ഇങ്ങനെ സൗജന്യ യാത്ര അനുവദിച്ച കുട്ടികളുടെ കണക്കറിയുമ്പോൾ ഇതുണ്ടാക്കുന്ന സമ്മർദം ബോധ്യപ്പെടും. മൂന്നര ലക്ഷത്തിലധികം കുട്ടികൾക്കാണ് ഈ വിധത്തിൽ കൺസഷൻ കാർഡ് വിതരണം ചെയ്യുന്നത്. ഇതെല്ലാം നേരിട്ട് കൈകാര്യം ചെയ്യുമ്പോഴുള്ള പ്രയാസങ്ങൾ ഓൺ ലൈൻ വരുന്നതോടെ പരിഹരിക്കപ്പെടും. അക്ഷയ കേന്ദ്രങ്ങൾ വഴി നടപടി ക്രമങ്ങൾ പൂർത്തീകരിക്കാവുന്നതാണ്. പ്ലസ് ടുവിന് ശേഷമുള്ള വിദ്യാർഥികൾക്ക് നിശ്ചിത ചാർജ് ഈടാക്കിയാണ് കാർഡ് കൊടുക്കുന്നത്. 15 ശതമാനമാണ് ഇവരിൽ നിന്ന് ഈടാക്കുന്ന ചാർജ്. അവരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്ത് വരും. സർക്കാർ, എയിഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കെല്ലാം കൺസഷൻ ആനുകൂല്യമുണ്ട്. കൺസഷൻ കാർഡ് കൈയിൽ കിട്ടണമെങ്കിൽ കയറി ഇറങ്ങേണ്ട കടമ്പകൾ ഓർത്തുള്ള വേവലാതി ഇനി വേണ്ടിവരില്ല. കടമ്പകൾ ഓർത്ത് പലരും ഉദ്യമത്തിൽ നിന്ന് പിന്മാറുന്ന അവസ്ഥ പോലുമുണ്ട് എന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് സാധാരണക്കാരായ പ്രവാസികളുടെ മക്കൾ. അവർക്ക് ഇത്തരം കാര്യങ്ങൾക്ക് ഓടിനടക്കാൻ നേരമുണ്ടാകുന്നത് അപൂർവം.
കെ.എസ്.ആർ.ടി സി കൺസഷൻ കാർഡുള്ള വിദ്യാർഥികൾ ഇതവരുടെ അവകാശമാണ് എന്ന അന്തസ്സോടെയാണ് ബസിൽ കയറുന്നത്. കെ.എസ്.ആർ.ടി.സി എന്ന പൊതുമേഖല സംവിധാനത്തിന്റെ നിരവധി നന്മകളിൽ ഒന്നായി ഇതിനെ കാണാം. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മാനസികാവസ്ഥയും മാറിയിട്ടുണ്ട്. എല്ലാത്തിനെയും എതിർത്താലൊന്നും ഇനി മുന്നോട്ട് പോകാനാകില്ലെന്ന് അവർ മനസ്സിലാക്കിത്തുടങ്ങി. ഒരു വെട്ട്, രണ്ട് കഷ്ണം എന്ന മട്ടുള്ള മന്ത്രി ആന്റണി രാജു മുന്നോട്ട് വെക്കുന്ന പരിഷ്കാരങ്ങളൊക്കെ അവർ ഇപ്പോൾ അംഗീകരിക്കുകയാണ്. അധികാരത്തിൽ സി.പി.എമ്മായതുകൊണ്ടുള്ള നല്ല ഗുണങ്ങളിലൊന്ന്. കേരളത്തിലെ സ്വകാര്യ ബസുകളിലെ കൺസഷൻ യാത്ര ഇന്നും ഏറെ ദുരിതപൂർണമായി തുടരുന്നു. കൺസഷൻ യാത്രക്കാരായ കുട്ടികൾ സ്വകാര്യ ബസുകളിൽ നിരന്തരം അവഹേളിക്കപ്പെടുന്നു. വിദ്യാർഥിക്കൂട്ടങ്ങളെ കാണുമ്പോൾ ഓവർ സ്പീഡിൽ ഓടിച്ചു പോകുന്ന സ്വകാര്യ ബസുകളും അവയിൽ കയറിപ്പറ്റാൻ കിട്ടാവുന്ന സ്ഥലങ്ങളിലൊക്കെ ഒളിച്ചിരിക്കുന്ന വിദ്യാർഥികളെയും കണ്ട് കണ്ടാണ് വർഷങ്ങൾക്ക് മുമ്പ് പ്രൊഫ. കൽപറ്റ നാരായണൻ ആ വിഷയം മൂർച്ചയുള്ള കവിതയാക്കിയത്. ആ കവിത വായിച്ചവരും അല്ലാത്തവരുമൊക്കെ ആ കാലമൊക്കെ കടന്ന് സ്വന്തം വാഹനങ്ങളിലും അല്ലാതെയും അവരുടെ മക്കളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തിക്കുന്നുണ്ടാകും. ആ സൗഭാഗ്യമില്ലാത്ത കുട്ടികൾ തലമുറ തലമുറകളായി ഈ വിധം അവഹേളിക്കപ്പെടുന്നു. കെ.എസ്.ആർ.ടി.സിയിലെ കൺസഷൻ പരിഷ്കാരത്തിന്റെ പ്രാധാന്യം ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രശംസനീയമായി മാറുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ദയനീയമാംവിധം അവഹേളിക്കപ്പെട്ടത് പത്രങ്ങളിലൊക്കെ വാർത്തയായിരുന്നു. കാലങ്ങളായി തുടരുന്ന ഈ അവസ്ഥക്കും ഒരു മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ഉണ്ടാകുമെന്ന് കരുതുക.






