പത്തനംതിട്ട-പോലീസ് വാഹനം തടഞ്ഞ് പോക്‌സോ കേസ് പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരേ ആറന്മുള പോലീസ് കേസെടുത്തു. കൊല്ലം ുന്നിക്കോട് പോലീസിന്റെ പരാതിയിലാണ് പ്രതിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ്.
ബന്ധുക്കള്‍ മോചിപ്പിച്ച പ്രതിയെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. കൊല്ലം കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി സിറാജിനെയാണ് മഫ്തയില്‍ പോലീസുകാര്‍ എത്തിയ സ്വകാര്യവാഹനം തടഞ്ഞ് ബന്ധുക്കള്‍ മോചിപ്പിച്ചത്. ആറന്മുള കാട്ടൂര്‍പേട്ടയില്‍ കഴിഞ്ഞ 23 നായിരുന്നു സംഭവം. സ്വകാര്യവാഹനത്തില്‍ വന്നത് പോലീസാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും യുവാവിനെ തട്ടിക്കൊണ്ടുപോകുകയാണെന്ന് കരുതിയാണ് കാറില്‍നിന്ന് മോചിപ്പിച്ചതെന്നുമാണ് ബന്ധുക്കളുടെ വിശദീകരണം.
കാട്ടൂര്‍പേട്ട സ്വദേശിയായ സിറാജ് ഏറെനാളായി കൊല്ലം കുന്നിക്കോട് ഒരു സ്ത്രീക്കൊപ്പം താമസിച്ചുവരികയായിരുന്നു. അടുത്തിടെ ഈ സ്ത്രീയുടെ 13 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് സിറാജിനെതിരേ പരാതി ലഭിച്ചു. കുന്നിക്കോട് പോലീസ് ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. എന്നാല്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ കുന്നിക്കോട് നിന്ന് സ്വദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു.
പ്രതിയുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ആറന്മുളയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കുന്നിക്കോട് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.യും എ.എസ്.ഐ.യും അടക്കമുള്ളവര്‍ മഫ്തിയില്‍ സ്വകാര്യകാറില്‍ ആറന്മുളയിലെത്തി. ഇക്കാര്യം ആറന്മുള പോലീസിനെയും അറിയിച്ചിരുന്നു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിറാജിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്വകാര്യവാഹനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ സ്ത്രീകള്‍ അടക്കമുള്ള ബന്ധുക്കള്‍ സംഘടിച്ചെത്തി വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് പിന്‍സീറ്റിലിരുന്ന സിറാജിനെ ഇവര്‍ ബലമായി മോചിപ്പിക്കുകയും ചെയ്തു.






