കൊളസ്ട്രോള്‍ കുറയുമെന്ന വിശ്വാസത്തില്‍  കാന്താരി മുളകിന് ആവശ്യക്കാരേറി, വിലയും കൂടി 

കോഴിക്കോട്- കൊളസ്ട്രോളിനുള്ള നാടന്‍ പ്രതിവിധി എന്ന വിശേഷണം  കാന്താരി മുളകിന് ഡിമാന്റ് കൂടാനിടയാക്കി, വിലയും കുത്തനെ കൂടി. ഗുണവും വലിപ്പവും അനുസരിച്ച് കിലോയ്ക്ക് 500 മുതല്‍ 700 രൂപവരെയാണ് വില. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അഞ്ഞൂറില്‍ താഴെയായിരുന്നു വില. നാടന്‍ പച്ചമുളകിന് കിലോയ്ക്ക് 28 രൂപ മാത്രമുള്ളപ്പോഴാണ് കാന്താരി വില കുതിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചയായി വില മാറാതെ തുടരുകയാണ്
 വില കുതിച്ചിട്ടും കേരളത്തില്‍ കാര്യമായി കാന്താരി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ മുന്നോട്ട് വരാത്ത സ്ഥിതിയാണ്. പലരും ഇഞ്ചി കൃഷിക്കും മറ്റും ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്. വിപണിയില്‍ ഉയര്‍ന്ന വില ലഭിക്കാറുണ്ടെങ്കിലും മാറി മറിയുന്ന വിലയും ചെടികളുടെ ലഭ്യതക്കുറവുമാണ് കര്‍ഷകരെ പിന്നോട്ടടിപ്പിക്കുന്നത്. എല്ലാ സീസണിലും കാന്താരിക്ക് ഡിമാന്‍ഡ് ഉണ്ടെങ്കിലും വിപണിയില്‍ ആവശ്യത്തിന് എത്തുന്നില്ലെന്ന് കച്ചവടക്കാര്‍  പറയുന്നു
തമിഴ്‌നാട്ടില്‍ നിന്നാണ് മാര്‍ക്കറ്റിലേക്ക് കാന്താരി കൂടുതലായും എത്തുന്നത്. ഇവയ്ക്ക് ഗുണം കുറവാണെന്നും കച്ചവടക്കാര്‍ പറയുന്നു. കാന്താരി അച്ചാറിനും സുര്‍ക്കയിലിട്ടതിനും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. വില കൂടിയതോടെ കൃഷിഭവനുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇക്കോ ഷോപ്പുകളില്‍ കാന്താരി മുളക് ചോദിച്ച് വരുന്നവര്‍ കൂടിയിട്ടുണ്ട്. ആവശ്യക്കാര്‍ കൂടിയതോടെ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് കാന്താരി മുളക് തൈകള്‍ വിതരണം തുടങ്ങി. ആയുഷ്‌കാലം മുഴുവന്‍ അലോപ്പതി മരുന്ന് കഴിക്കുന്നതിന് പകരം കാന്താരി പ്രയോഗത്തിലൂടെ രോഗം കുറയുന്നുവെങ്കില്‍ അതല്ലേ നല്ലതെന്ന് ചിന്തിക്കുന്നവരാണേറെയും. 

Latest News