Sorry, you need to enable JavaScript to visit this website.

VIDEO ഗുജറാത്തില്‍ തകര്‍ന്നത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത പാലം; കുട്ടികളടക്കം മരണം 132 ആയി

മോര്‍ബി-ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ മച്ചു അണക്കെട്ടിന് കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന അപകടത്തില്‍ മരണ സംഖ്യ 132 ആയി. കുട്ടികളടക്കം നൂറിലധികം പേരെ കാണാതായതായും അധികൃതര്‍ അറിയിച്ചു.
മച്ചു നദിയില്‍നിന്ന് 132 മൃതദേഹങ്ങള്‍ പുറത്തെടുത്ത് മോര്‍ബി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തന്റെ എല്ലാ പരിപാടികളും റദ്ദാക്കി രക്ഷാപ്രവര്‍ത്തനവും മെഡിക്കല്‍ സേവനങ്ങളും വ്യക്തിപരമായി നിരീക്ഷിക്കാന്‍ മോര്‍ബിയിലേക്ക് തിരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരവും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.
അപകടത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോഡി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
മോര്‍ബിയിലുണ്ടായ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രയുമായും ഉദ്യോഗസ്ഥരുമായും  സംസാരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.  
സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്‌കോട്ടില്‍ നിന്ന് ഒരു എന്‍ഡിആര്‍എഫ് ടീമിനെ അയച്ചു.  ആര്‍മി റെസ്‌ക്യൂ ടീമുകള്‍ക്ക് മോര്‍ബിയിലെത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  നിര്‍ദ്ദേശം നല്‍കി.
മച്ചു നദിയിലെ നീരൊഴുക്കില്‍ കുട്ടികളുടെ മൃതദേഹം ഒഴുകിപ്പോയതായി നാട്ടുകാര്‍ ഭയപ്പെടുന്നതിനാല്‍ രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം നടത്താനാണ് സാധ്യത.
15 മുതല്‍ 20 അടി വരെ താഴ്ചയുള്ള നദിയുടെ മധ്യഭാഗത്താണ് പാലം തകര്‍ന്നതെന്നും ഇതുമൂലം മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രാദേശിക അധികൃതരുടെ ആശങ്ക.
അതിനിടെ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് പാലം നവീകരിച്ചതിന് ശേഷം പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതെന്ന് മോര്‍ബി മുനിസിപ്പല്‍ കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.വി. സാല പറഞ്ഞു.

 

Latest News