ഇടുക്കി-പ്രവാസി മലയാളിയില്‍ നിന്നും 4.5 കോടി തട്ടിയെടുത്ത് ഖത്തര്‍ ജയിലില്‍ കഴിഞ്ഞ മലയാളി കേരളത്തില്‍ വന്‍ തട്ടിപ്പിലൂടെ കോടികള്‍ കൈക്കലാക്കിയതിന് കട്ടപ്പന പോലീസിന്റെ പിടിയില്‍. കിളിമാനൂര്‍ ജിഞ്ചയ നിവാസില്‍ ജിനീഷ് (39) ആണ് അറസ്റ്റിലായത്. കട്ടപ്പന ഡിവൈ.എസ്.പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.
ഗള്‍ഫില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് നാട്ടിലെത്തിയ ഇയാള്‍ തനിക്ക് സുഗന്ധ വ്യഞ്ജന കയറ്റുമതി ബിസിനസ് ആണെന്നും പറഞ്ഞ് ഇടുക്കി ജില്ലയിലെ ഏലക്കാ വ്യാപാരികളില്‍ നിന്നും കോടികളുടെ എലക്കാ തട്ടിയെന്നാണ് ഒരു കേസ്. ചെറിയ തുക അഡ്വാന്‍സ് നല്‍കി ഏലക്ക വാങ്ങിയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതിന് ശേഷം പണം ഇടപാടില്‍ നിലവില്‍ കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ട് എന്നും പറഞ്ഞ് ബാങ്ക് ഗ്യാരണ്ടി നല്‍കി കബളിപ്പിച്ച് വന്‍ തോതില്‍ ഏലക്കാ വാങ്ങി മുങ്ങുകയാണ് പതിവ്. ഈ രീതിയില്‍ കുമളിയിലെ വ്യാപാരിയില്‍ നിന്നും 50 ലക്ഷം രൂപയുടെ ഏലക്കായും കട്ടപ്പനയിലെ വ്യാപാരിയില്‍ നിന്ന് 70 ലക്ഷം രൂപയുടെ ഏലക്കായും വാങ്ങി കബളിപ്പിച്ചു. എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി ഏലയ്ക്ക നല്‍കാമെന്നും പറഞ്ഞ് വെസ്റ്റ് ബംഗാള്‍ സ്വദേശിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും കോട്ടയം ജില്ലയിലെ ഗാന്ധിനഗര്‍ സ്വദേശിയില്‍ നിന്നും ഒന്നേ മുക്കാല്‍ കോടി രൂപയും എറണാകുളത്തുള്ള വിദേശ മലയാളിയില്‍ നിന്നും മൂന്നര കോടി രൂപയും കോഴിക്കോടുള്ള വിദേശ മലയാളിയില്‍ നിന്നും 60 ലക്ഷം രൂപയും വാങ്ങി. മൂന്നു തിരുവനന്തപുരം സ്വദേശികളില്‍ നിന്നും വിദേശത്ത് കൊണ്ടുപോകാം എന്നും പറഞ്ഞു 15 ലക്ഷം രൂപ വാങ്ങി. നാല്‍പതോളം ആളുകളുടെ പാസ്‌പോര്‍ട്ട് അടക്കമുളള രേഖകള്‍ കൈക്കലാക്കി.
തിരുവനന്തപുരത്ത് നിന്നും രണ്ട് സ്വിഫ്റ്റ് കാറുകളും രണ്ട് ഇന്നോവ കാറുകളും ഒരു എസ് .എക്‌സ് 4 വാഹനവും വാടകയ്ക്ക് എടുത്ത് ഉടമകളെ കബളിപ്പിച്ച് വ്യാജരേഖ ഉണ്ടാക്കി പണയം വെച്ച് പണം തട്ടി. വയനാട് ബ്രഹ്മഗിരി സൊസൈറ്റിയില്‍ നിന്ന് കുരുമുളക് കയറ്റുമതി ആണെന്നും പറഞ്ഞ് രണ്ടുകോടി രൂപയുടെ കുരുമുളക് വാങ്ങിയശേഷം പണം നല്‍കാതെ കബളിപ്പിച്ചു.അന്വേഷണ സംഘത്തില്‍ എ. എസ് .ഐ വിജയകുമാര്‍, എസ് .സി. പി. ഒമാരായ സിനോജ് പി. ജെ, ടോണി ജോണ്‍, ഗ്രേസണ്‍ ആന്റണി, സി. പി. ഒമാരായ സുബിന്‍ പി. എസ്, അനീഷ് എന്നിവരും ഉണ്ടായിരുന്നു.